ചെന്നൈ: സൺറൈസേഴ്സ് ഹൈദരാബാദിനെ സൺസെറ്റ് ഹൈദരാബാദാക്കി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഐ പി എൽ കിരീടത്തിൽ മുത്തമിട്ടു. കലാശപ്പോരാട്ടത്തിൽ ഹൈദരാബാദിന്റെ സ്വപനങ്ങൾ 8 വിക്കറ്റ് ജയത്തോടെയാണ് തകർത്ത കൊൽക്കത്ത ഐ പി എല്ലിലെ മൂന്നാം കിരീടത്തിലാണ് മുത്തമിട്ടത്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ 114 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കൊൽക്കത്ത 10.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. 2012, 2014 വർഷങ്ങളിലാണ് മുമ്പ് കൊൽക്കത്ത കിരീടം നേടിയിട്ടുള്ളത്. ഇതോടെ നായകനായും പരിശീലകനായും കിരീടം സ്വന്തമാക്കിയെന്ന ഖ്യാതി ഗൗതം ഗംഭീറിനും സ്വന്തമായി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് 18.3 ഓവറിൽ 113 റൺസിന് ഓൾഔട്ടായതോടെ ഫലം ഏറെക്കുറെ തീരുമാനമായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ഹർഷിദ് റാണയും ഓരോ വിക്കറ്റ് വീഴ്ത്തിയ വൈഭവ് അറോറയും വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും ചേർന്നാണ് സൺറൈസേഴ്സിനെ 113 ൽ പിടിച്ചുകെട്ടിയത്. 19 പന്തുകളിൽ 24 റൺസ് നേടിയ നായകൻ പാറ്റ് കമ്മിൻസ് മാത്രമാണ് സൺറൈസസിനായി പൊരുതിയത്.
മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ 52), റഹ്മാനുള്ള ഗുര്‍ബാസ് (32 പന്തില്‍ 39) എന്നിവരാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. സുനില്‍ നരൈൻ (6) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും അയ്യർ – ഗുർബാസ് കൂട്ടുകെട്ട് അനായാസം ബാറ്റുവീശിയതോടെ ഹൈദരാബാദ് ബൗളർമാർ നിഷ്പ്രഭരായി. വിജയത്തിന് തൊട്ടടുത്തുവച്ച് ഗുർബാസ് പുറത്തായെങ്കിലും ശ്രേയസ് അയ്യരെ (6) കൂട്ടുപിടിച്ച് വെങ്കടേഷ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു. വെങ്കടേഷിന്റെ ഇന്നിംഗ്സില്‍ മൂന്ന് സിക്സും നാല് ഫോറുമുണ്ടായിരുന്നു.
kolkata knight riders win ipl title 2024