വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ അണയാത്ത പ്രതിഷേധം; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ 50 സീനിയർ ഡോക്ടര്‍മാര്‍ കൂട്ടരാജിവെച്ചു

കൊല്‍ക്കത്ത: യുവ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ 50 സീനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടരാജി വെച്ചു. ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ചാണ് കൂട്ടരാജി.

ആശുപത്രിയില്‍ നടന്ന ബലാത്സംഗക്കൊലയില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച മുതല്‍ നിരാഹാര സമരത്തിലാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ന് പതിനഞ്ചോളം സീനിയര്‍ ഡോക്ടര്‍മാര്‍ നിരാഹാര സമരം നടത്തിയിരുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും കേന്ദ്രീകൃത റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുക, കിടക്ക ഒഴിവുകള്‍ അറിയാന്‍ നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സിസിടിവി, ഓണ്‍-കോള്‍ റൂമുകള്‍, ശുചിമുറികള്‍ എന്നിവയ്ക്ക് ആവശ്യമായ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക, ആശുപത്രികളില്‍ പോലീസ് സംരക്ഷണം വര്‍ധിപ്പിക്കുക, സ്ഥിരം വനിതാ പോലീസുകാരെ നിയമിക്കുക, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ഒഴിവുകള്‍ വേഗത്തില്‍ നികത്തുക എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.

തങ്ങളുടെ ജൂനിയര്‍ സഹപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും രാജിക്കത്ത് സമര്‍പ്പിക്കുന്നതിനിടെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.

More Stories from this section

family-dental
witywide