കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രെയിനി ഡോക്ടര്‍ നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വനിത ഡോക്ടറുടെ സ്വകാര്യഭാഗങ്ങളില്‍ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വനിതാ ഡോകടറുടെ കണ്ണിലും മുഖത്തും വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും സാരമായ പരിക്കുകളുണ്ട്.കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. കണ്ണട പൊട്ടി രണ്ട് കണ്ണുകളിലും ഗ്ലാസ് തറച്ചു കയറി. കണ്ണില്‍ നിന്നും രക്തം വന്നനിലിയിലായിരുന്നു മൃതദേഹം.
പ്രാഥമിക അന്വേഷണത്തിനും ആശുപത്രി പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിനു ശേഷവും കൊല്‍ക്കത്ത പോലീസ് സഞ്ജയ് റോയ് എന്ന സിവില്‍ വോളന്റിയറെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. പ്രതിയുടെ ഫോണ്‍ നിറയെ അശ്ലീലവീഡിയോകളാണെന്നും പോലീസ് പറയുന്നു.
അതേസമയം ഡ്യൂട്ടിക്കിടെ വനിത ഡോക്ടര്‍ ലൈംഗികാതിക്രമത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പട്ട് നല്‍കിയ ഹരജി കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പി ജി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കില്‍ കേസ് സിബിഐക്ക് വിടുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അറിയിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തുന്ന രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.