പ്രതിഷേധക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ മൂന്നെണ്ണം അംഗീകരിച്ച് മമത ബാനർജി; പൊലീസ് കമ്മീഷണറെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും നീക്കി

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് പ്രതിഷേധിക്കുന്ന ഡോക്ടർമാരുമായി മുഖ്യമന്ത്രി മമത ബാനർജി ചർച്ച നടത്തി. മമത ബാനർജിയും ജൂനിയർ ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിഷേധക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ മൂന്നെണ്ണം സർക്കാർ അംഗീകരിച്ചു.

കൊൽക്കത്ത പൊലീസ് കമ്മീഷണറേയും ആരോഗ്യവകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സ്ഥാനത്ത് നിന്ന് മാറ്റുക, ആർജി കാർ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന നോർത്ത് സോണിലെ പൊലീസ് മേധാവിയെ മാറ്റുക എന്നീ ആവശ്യങ്ങളാണ് അംഗീകരിച്ചത്. എന്നാൽ ഔദ്യോഗിക ഉത്തരവുകൾ പുറത്തിറക്കുന്നത് വരെ സമരം തുടരുമെന്നാണ് വിവരം.

കൂടിക്കാഴ്ച ഏറ്റവും നല്ല രീതിയിലാണ് അവസാനിച്ചതെന്നും, ജൂനിയർ ഡോക്ടർമാരും പോസിറ്റീവായ രീതിയിൽ തന്നെ ചിന്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മമത ബാനർജി പറഞ്ഞു.

” ഡോക്ടർമാരുടെ ആവശ്യങ്ങളിൽ 99 ശതമാനവും അംഗീകരിച്ചു. വെള്ളപ്പൊക്കം ബാധിച്ച ജില്ലകളിലെ രോഗികളുടെ അവസ്ഥ കൂടി കണക്കിലെടുത്ത് അവരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭ്യർത്ഥിച്ചുവെന്നും,” മമത ബാനർജി പറയുന്നു. നിലവിൽ സമരത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ ജോലിയിൽ എത്താമെന്ന് ധാരണയായെന്നാണ് സൂചന.

തങ്ങളുടെ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചത് 38 ദിവസത്തെ സമരത്തിന്റെ വലിയ വിജയമാണെന്ന് ജൂനിയർ ഡോക്ടർമാർ പറയുന്നു. നിലവിൽ വാക്കാലുള്ള ഉറപ്പ് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും, ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ സമരം തുടരുമെന്നുമാണ് ജൂനിയർ ഡോക്ടേഴ്സ് ഫോറം പ്രതിനിധികൾ പറയുന്നത്.

മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ, ഹെൽത്ത് സർവീസസ് ഡയറക്ടർ എന്നിവരെയാണ് ഡോക്ടർമാരുടെ നിർദേശപ്രകാരം സ്ഥാനത്ത് നിന്ന് നീക്കുന്നത്. എന്നാൽ ഇവർ തെറ്റൊന്നും ചെയ്തവരല്ലെന്നും ഡോക്ടർമാർക്ക് അവരെ വിശ്വാസമില്ലാത്തത് കൊണ്ട് മാത്രം അവർക്ക് അർഹതപ്പെട്ട മറ്റൊരു സ്ഥാനത്തേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്നും മമത ബാനർജി പറയുന്നു.

More Stories from this section

family-dental
witywide