കൊല്ലം: ഇന്നലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കണ്ണില്‍ പരിക്കേറ്റത് ബോധപൂര്‍വ്വമായ അക്രമണമാണെന്ന ആരോപണവുമായി കൊല്ലത്തെ ബി ജെ പി സ്ഥാനാര്‍ഥി ജി കൃഷ്ണകുമാര്‍ രംഗത്ത്. തിക്കും തിരക്കും മനഃപൂർവം ചിലർ ഉണ്ടാക്കിയതാണെന്നും തന്നെ ബോധപൂർവ്വം ആക്രമിക്കുകയായിരുന്നുവെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. അപ്രതീക്ഷിതമായുണ്ടായ തിരക്കിനിടെ ആരോ കൂര്‍ത്ത വസ്തുകൊണ്ട് തന്നെ കണ്ണില്‍ കുത്തിയെന്നാണ് എൻ ഡി എ സ്ഥാനാർഥി പറയുന്നത്. കോര്‍ണിയയില്‍ മുറിവുണ്ടായെന്ന് ഡോക്ടേഴ്സ് അറിയിച്ചെന്നും ഒരാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചെന്നും കൃഷ്ണകുമാർ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകുമെന്നും എൻ ഡി എ സ്ഥാനാർഥി വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് കൃഷ്ണകുമാർ പറയുന്നതിങ്ങനെ
കുണ്ടറയില്‍ പ്രചാരണം നടന്നപ്പോള്‍ തൃശൂര്‍ പൂര വിവാദം പരാമര്‍ശിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചിരുന്നു. ഹിന്ദു വിശ്വാസികളെ വേദനിപ്പിക്കുന്ന പല കാര്യങ്ങളും പൂരവുമായി ബന്ധപ്പെട്ട് നടന്നെന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. കമ്മ്യൂണിസ്റ്റ് ഗുണ്ടകളും പൊലീസും ചേര്‍ന്നാണ് ഇത് ചെയ്തതെന്നും പ്രസംഗിച്ചു. ഇതിന് ശേഷമാണ് സ്വീകരണ സ്ഥലത്ത് അപ്രതീക്ഷിതമായി തിക്കും തിരക്കുമുണ്ടായത്. ഇതിനിടയിലാണ് കണ്ണിന് പരിക്കേറ്റത്. ആരുടെയോ കൈ അബദ്ധത്തില്‍ കൊണ്ടതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബോധപൂർവ്വമായ ആക്രമണമാണെന്നാണ് ഇപ്പോൾ മനസിലാകുന്നത്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സ്ഥിരം പരിപാടിയാണെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേർത്തു.
kollam nda candidate g krishnakumar eye injury allegations