
ന്യൂയോർക്ക്: കോരസൺ വർഗീസിന്റെ പ്രവാസിയുടെ നേരും നോവും എന്ന പുസ്തകം മുൻ അംബാസഡർ ടി. പി ശ്രീനിവാസൻ പ്രകാശനം ചെയ്തു. അമേരിക്കൻ പ്രവാസി എഴുത്തുകൾ എന്നതിലേക്ക് ഒതുങ്ങുന്നതല്ല കോരസൺ വർഗീസിന്റെ ‘പ്രവാസിയുടെ നേരും നോവും എന്ന പുസ്തകം’ എന്ന് ടി.പി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. പ്രവാസി സാഹിത്യത്തിൽ എന്ന തലത്തിൽനിന്നും നോക്കിക്കാണാതെ മുഖ്യധാര സാഹിത്യത്തിലേക്ക് സ്ഥാനം നൽകേണ്ട പുസ്തകമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോരസൺ വർഗീസെന്ന എഴുത്തുകാരനെയും അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനത്തെയും എഴുത്തുകളുടെ പ്രമേയത്തെയും അനുവാചകഹൃദയത്തിലേക്ക് വാക്കുകളെ കോറിയിടാനുള്ള കഴിവിനെയും ടിപി സദസ്യർക്കു പരിചയപ്പെടുത്തി. ഈ പുസ്തകത്തിലെ ഓരോ ലേഖനങ്ങളും വായ്ക്കേണ്ടതാണെന്നും വായനയുടെ ഒരു വിശാലമായ ലോകം തുറന്നുതരാൻ ഇതിലെ ലേഖനങ്ങൾക്ക് കഴിയും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താനും കോരസണും ഒരേ സമയത്ത് മനോരമ ഓൺലൈനിൽ പംക്തികൾ കൈകാര്യം ചെയ്തിരുന്നുവെന്നും അന്നുമുതൽ കോരസൺന്റെ എഴുത്തുകളെ ശ്രദ്ധിച്ചിരുന്നു എന്നും ടി. പി ശ്രീനിവാസൻ പറഞ്ഞു.
കഥാകാരൻ സക്കറിയ അവതാരികയും മുൻ പ്രൊ. വൈസ് ചാൻസലർ ഡോ.എസ്. രവികുമാർ പഠനവും നടത്തിയിരിക്കുന്നു. ഗ്രീൻബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.