കോട്ടയം: സംസ്ഥാനത്താകെ രാവിലെ മുതൽ തുടങ്ങിയ പെരുമഴ കോട്ടയത്തും കൊച്ചിയിലും കനത്ത നാശം വിതയ്ക്കുന്നു. കോട്ടയത്താണ് വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജില്ലയിൽ ഉരുൾപ്പൊട്ടലടക്കം ഉണ്ടായി. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് കോട്ടയത്ത് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. എന്നാൽ കോട്ടയത്തെ വിവിധ മേഖലകളിൽ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്.
കുറവിലങ്ങാട്ടടക്കം വെള്ളക്കെട്ട് രൂപപ്പെട്ടു. എം സി റോഡിൽ കുറവിലങ്ങാട് പള്ളിക്കവല, വൈക്കം റോഡ് പ്രദേശങ്ങളിലാണു രാവിലെ മുതലുള്ള മഴയിൽ വെള്ളക്കെട്ട് ഉണ്ടായത്. പല സ്ഥലങ്ങളിലും അരപ്പൊക്കം വെള്ളമുണ്ട്. കാറുകൾ അടക്കമുള്ള വാഹനങ്ങൾ കടന്നു പോകുന്നതിനു തടസ്സം നേരിടുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ കടന്നു പോകാനാകാത്ത അവസ്ഥയാണ്. ഇതേത്തുടർന്നു് എം സി റോഡിൽ കനത്ത ബ്ലോക്കാണ് അനുഭവപ്പെടുന്നത്.
കോട്ടയത്തിനൊപ്പം എറണാകുളത്തും വലിയ ദുരിതമാണ് കനത്തമഴ വിതച്ചത്. രണ്ട് ജില്ലകളിലും റെഡ് അലർട്ട് തുടരുകയാണ്. കൊച്ചിയിൽ കാക്കനാട് ഇൻഫോപാർക്കിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. സഹോദരന്‍ അയ്യപ്പന്‍, പാലാരിവട്ടം –കാക്കനാട്, ആലുവ – ഇടപ്പള്ളി റോഡില്‍ ഗതാഗതക്കുരുക്കുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ കെ എസ് ആര്‍ ടി സി ബസിനു മുകളില്‍ മരം വീണ് അപകടമുണ്ടായെങ്കിലും ആര്‍ക്കും പരുക്കില്ല.
കളമശേരിയിൽ മേഘവിസ്‌ഫോടനം?
കൊച്ചിയിലെ കളമശേരിയിലാണ് ഇന്ന് ഏറ്റവും ശക്തമായ മഴ അനുഭവപ്പെട്ടത്. ഇവിടുത്തെ കനത്ത മഴയ്ക്കു പിന്നിൽ മേഘവിസ്ഫോടനമെന്ന സംശയമാണ് കുസാറ്റ് അധികൃതരടക്കം പങ്കുവയ്ക്കുന്നത്. ഒന്നര മണിക്കൂറിൽ 100 എം എം വരെ മഴ പെയ്തുവെന്നാണ് കുസാറ്റ് അധികൃതർ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിലും രാവിലെ മുതൽ പെരുമഴയായിരുന്നു. കനത്തമഴയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകുകയും മരവിണ് അപകടമുണ്ടാകുകയും ചെയ്തിട്ടുണ്ട്.
kottayam landslide 7 house destroyed in kerala heavy rain