
കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകം അന്വേഷിക്കാൻ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പേരാമ്പ്ര, താമരശ്ശേരി ഡിവൈഎസ്പിമാർ ഉൾപ്പെടുന്ന 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സത്യനാഥന് വെട്ടേറ്റത്. പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിയായ പെരുവട്ടൂർ പുറത്തോന അഭിലാഷ് (30) സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. സത്യനാഥനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പൊലീസിനോട് സമ്മതിച്ചതായും വിവരമുണ്ട്.
പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചാണെന്നുമാണ് പ്രതിയുടെ മൊഴിയെന്നാണ് വിവരം. പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ കൂടുതൽ ചോദ്യം ചെയ്യുകയാണ്. ഉത്തരമേഖലാ ഐ ജി സേതുരാമൻ ഉൾപ്പെടെയുള്ള ഉന്നത പൊലീസുദ്യോഗസ്ഥർ ഇന്നലെ അർധരാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്.