കോഴിക്കോട്: കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഡി എം ഒ) കസേരയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ വീണ്ടും ട്വിസ്റ്റ്. കോഴിക്കോട് ഡി എം ഒ ആയിരുന്ന രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ അഡീഷണല്‍ ഡയറക്ടറായി മാറ്റിയ സർക്കാർ നടപടിക്ക് ഹൈക്കോടതി സ്റ്റേ പ്രഖ്യാപിച്ചു. ഇതോടെ രാജേന്ദ്രന്‍ വീണ്ടും ഡി എം ഒ കസേരയില്‍ തിരിച്ചെത്തി. കോടതി ഉത്തരവുമായി ഡോ. രാജേന്ദ്രന്‍ വീണ്ടും ഡി എം ഒ ഓഫീസിലെത്തിയതോടെ വീണ്ടും നാടകീയ രംഗങ്ങൾക്കാണ് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് സാക്ഷ്യം വഹിച്ചത്.
നേരത്തെ എറണാകുളം ഡി എം ഒ ആയിരുന്ന ഡോ. ആശാദേവിയെയാണ് സർക്കാർ കോഴിക്കോട് ഡി എം ഒ ആക്കിയത്. സ്ഥലം മാറ്റ ഉത്തരവുമായി ആശാദേവി കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തിയതിന് പിന്നാലെയാണ് ‘കസേരകളി’ തുടങ്ങിയത്. സ്ഥാനമൊഴിയാൻ തയ്യാറാവാതിരുന്ന രാജേന്ദ്രനും, ഉത്തരവുമായെത്തിയ ആശാദേവിയും ഓഫീസിലിരുന്നതോടെ സിനിമാ രംഗം പോലെയായി കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ കാഴ്ച. പിന്നീട് ആരോഗ്യവകുപ്പ് പുതിയ ഉത്തരവിറക്കിയാണ് രാജേന്ദ്രനെ മാറ്റിയത്. ഈ ഉത്തരവിനെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്രൂണലിനെ സമീപിച്ചു സ്റ്റേ വാങ്ങിയാണ് ഡോ. രാജേന്ദ്രന്‍ ഇന്ന് ഡി എം ഒ കസേര തിരിച്ചുപിടിച്ചത്.
ഹൈക്കോടതി ഉത്തരവ് നാലു ജില്ലകളിലെ ഡിഎംഒമാരുടെ സ്ഥലംമാറ്റത്തെ ബാധിക്കും. കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഡിഎംഒമാരുടെ സ്ഥലംമാറ്റങ്ങൾക്കാണ് സ്റ്റേ ഉത്തരവ് ബാധകമാകുക. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്രൂണൽ ഉത്തരവ് നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. അടുത്ത മാസം 9 വരെയാണ് സ്റ്റേ നൽകിയത്. കേസ് 9-ാം തീയതി ഹൈക്കോടതി വീണ്ടും പരിഗണിക്കും.