തിരുവമ്പാടി: കെ എസ് ഇ ബി ഓഫിസ് ആക്രമിച്ച പ്രതിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെതിരെ കെ എസ് ഇ ബി ഓഫീസിലെത്തി മെഴുകുതിരി കത്തിച്ച് കുടുംബത്തിന്‍റെ പ്രതിഷേധം. തിരുവമ്പാടി ഉള്ളാട്ടിൽ റസാഖും ഭാര്യ മറിയവുമാണ് തിരുവമ്പാടി കെ എസ് ഇ ബി ഓഫിസിലെത്തി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്. മകൻ ചെയ്ത കുറ്റത്തിന് തന്‍റെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത് എന്തിനെന്ന ചോദ്യവുമായാണ് കുടുംബം കെ എസ് ഇ ബി ഓഫിസിലെത്തി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ 64 വയസുകാരനായ റസാഖ് കുഴഞ്ഞുവീഴുകയും ചെയ്തു. ഇദ്ദേഹത്തെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജീവനക്കാരെ ആക്രമിച്ചതും ഓഫിസ് അടിച്ച് തകർത്തതും ചൂണ്ടിക്കാട്ടി കെ എസ് ഇ ബി നൽകിയ പരാതിയിൽ റസാഖിന്റെ മകൻ അജ്മലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അജ്മലും കൂട്ടാളി ഷഹദാദുമാണ് ശനിയാഴ്ച രാവിലെ സെക്ഷൻ ഓഫിസിലെത്തി അതിക്രമം കാട്ടിയതെന്നാണ് പരാതി. ഇരുവർക്കുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് കെ എസ് ഇ ബി അജ്മലിന്‍റെ വീട്ടിലേക്കുള്ള ഫ്യൂസൂരിയത്.
ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെ എസ് ഇ ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ ഐ എ എസ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തിരുവമ്പാടി കെ എസ് ഇ ബി ഉദ്യോഗസ്ഥർ അജ്മലിന്‍റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്.ശനിയാഴ്ച രാവിലെ സൺറൈസ് മീറ്റിംഗ് സമയത്ത് സെക്ഷൻ ഓഫീസിൽ കടന്നുകയറിയ അക്രമികൾ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ശരീരത്ത് ഭക്ഷണാവശിഷ്ടങ്ങളുള്ള മലിന ജലം ഒഴിക്കുകയും സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയുമുണ്ടായി. അക്രമികൾ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഓഫീസ് ഉപകരണങ്ങൾ തച്ചുതകർത്ത് വലിയ തോതിൽ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. മർദ്ദനമേറ്റ അസി. എഞ്ചിനീയറും നാല് ജീവനക്കാരും ഇപ്പോൾ മുക്കം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.