കെ.പി യോഹന്നാന്റെ സംസ്‌കാരം കേരളത്തില്‍, അന്തിമ തീരുമാനം ഇന്ന് സിനഡ് യോഗത്തില്‍; ഇടിച്ച വാഹനം തിരിച്ചറിഞ്ഞു


ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച്പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ. ഡോ. കെ പി യോഹന്നാന്റെ(74) മരണത്തിന് കാരണമായ അപടമുണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞതായി വിവരം. കസ്റ്റഡിയില്‍ എടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അപകടത്തെക്കുറിച്ച് കാര്യമായ വ്യക്തതയില്ലെങ്കിലും ഇത് ഹിറ്റ് ആന്റ് റണ്‍ കേസല്ലെന്നും പ്രഥമദൃഷ്ട്യാ സംശയാസ്പദമായി ഒന്നുമില്ലെന്നും സഭാ അധികൃതര്‍ വ്യക്തമാക്കിയതായും മെത്രാപ്പോലീത്തയെ ഇടിച്ച വാഹനം പോലീസ് കണ്ടെടുത്തതായും കേസെടുത്തതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കെ.പി യോഹന്നാന്റെ സംസ്‌കാരം കേരളത്തില്‍ നടക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് സിനഡ് യോഗത്തില്‍ കൈക്കൊള്ളാനാണ് സാധ്യത.

ടെക്‌സാസിലെ ഡാളസില്‍ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് ആസ്ഥാനത്ത് മേയ് ഏഴിന് പ്രഭാത സവാരിക്ക് ഇറങ്ങിയ അദ്ദേഹത്തെ അജ്ഞാത വാഹനം ഇടിച്ചിരുന്നു. ഇതേതുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ റവ. യോഹന്നാനെ എയര്‍ലിഫ്ട് ചെയ്ത് ഡാളസിലെ മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടത്തില്‍ അദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ പൊട്ടുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നു. പക്ഷേ, ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.