കോഴിക്കോട്: തിരുവമ്പാടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അജ്മലിന്റെ വീട്ടിലെ വൈദ്യുത ബന്ധം പുനഃസ്ഥാപിച്ച് കെഎസ്ഇബി. സംഭവം വിവാദമായതിന് പിന്നാലെ കോഴിക്കോട് കളക്ടറുടെ നിർദേശത്തെത്തുടർന്ന് തഹസിൽദാർ എത്തി അജ്മലിന്റെ പിതാവ് യു.സി. റസാഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാത്രി എട്ടരയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്. ഇത് പോരാട്ടത്തിന്റെ വിജയമെന്ന് അജ്മലിന്റെ പിതാവ് റസാഖ് പ്രതികരിച്ചു.
വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതിൽ സന്തോഷമെന്ന് അജ്മലിന്റെ മാതാവ് മറിയവും പ്രതികരിച്ചു. പ്രതികാര നടപടികൾ വേദനിപ്പിച്ചുവെന്നും നിയമപോരാട്ടം തുടരുമെന്നും മറിയം പറഞ്ഞു. ഇനി ഒരാൾക്കും ഈ ഗതി വരരുതെന്നു പിതാവ് റസാഖും പറഞ്ഞു.
ജീവനക്കാരെയോ ഓഫിസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പു ലഭിച്ചാൽ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കാൻ വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി കെഎസ്ഇബിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ആക്രമിക്കില്ലെന്ന ഉറപ്പ് ലഭ്യമാക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങാണ് താമരശേരി തഹസിൽദാരെ തിരുവമ്പാടിയിലേക്ക് അയച്ചത്. എന്നാൽ തഹസിൽദാർ നൽകിയ സത്യവാങ്മൂലത്തിൽ ഒപ്പുവയ്ക്കാൻ കുടുംബം തയാറായിരുന്നില്ല. ആക്രമണത്തിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നതടക്കമുള്ള പരാമർശങ്ങൾ സത്യവാങ്മൂലത്തിലുണ്ടായിരുന്നു.
ആക്രമിച്ചയാളുടെ പിതാവിന്‍റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണെന്നും ചെയർമാൻ കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെഎസ്ഇബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധവും സർക്കാരിനെതിരെ മറ്റൊരു വിവാദം കൂടിയായ പശ്ചാത്തലത്തിലാണ് രാത്രിയോടെ കെഎസ്ഇബി വൈദ്യുതി പുനഃസ്ഥാപിച്ചത്. എന്നാൽ അജ്മലിനെതിരെയുള്ള കേസിൽ നടപടി തുടരും.
കെഎസ്ഇബി എംഡിയുടെ നിര്‍ദേശപ്രകാരമാണ് തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വൈദ്യുതി കണക്ഷനുള്ളത്. ഇവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടച്ചിരുന്നില്ല. മൂന്ന് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ അജ്മല്‍ ബില്ലടച്ചു. തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.