തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിലുണ്ടായ തർക്കത്തെ തുടർന്ന് ജോലിയിൽനിന്ന് മാറ്റി നിർത്തിയ കെ എസ് ആർ ടി സി താത്കാലിക ഡ്രൈവർ യദു പ്രതിഷേധവുമായി രംഗത്ത്. ഒന്നുകിൽ തന്നെ തിരിച്ചെടുക്കണം, അല്ലെങ്കിൽ പറഞ്ഞു വിടണം എന്നാവശ്യപ്പെട്ടാണ് യദുവിന്‍റെ പ്രതിഷേധം. ഞാനും എന്‍റെ മകനും ജീവിക്കാൻ വയ്യാതെ ആത്മഹത്യയുടെ വക്കിലാണെന്നും യദു കൂട്ടിച്ചേർത്തു. തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യദു ഗതാഗത മന്ത്രിക്ക് പരാതി നൽകുകയും ചെയ്തു.
അശ്ലീല ആംഗ്യം കാട്ടിയെന്ന മേയർ ആര്യാ രാജേന്ദ്രന്റെ പരാതിക്ക് പിന്നാലെയാണ് യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയത്. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദ്ദേശം നൽകുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും യദുവും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്‍റെ പരാതിയിൽ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജോലി തടസപ്പെടുത്തിയെന്നതടക്കമുള്ള പരാതിയോടെ യദുവും കേസ് നൽകിയിട്ടുണ്ട്.