‘ആ പാർട്ടിയിലേക്ക് പോകില്ല’, അൻവറിനെ തള്ളി ജലീൽ: ‘വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും തള്ളിപ്പറയില്ല’

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയെ തള്ളി കെടി ജലീല്‍. അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ഇല്ലെന്നും വിയോജിപ്പ് അദ്ദേഹത്തെ അറിയിക്കുമെന്നും കെടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.സിപിഎം സഹയാത്രികനായി തുടര്‍ന്നും സഹകരിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിനെതിരെയും അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളോട് യോജിപ്പില്ലെന്നും ജലീല്‍ പറഞ്ഞു.

‘പിവി അന്‍വറുമായുള്ള സൗഹൃദം നിലനില്‍ക്കും. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളോട്, രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനോട് ശക്തമായി വിയോജിക്കും. ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുകയും പൊതുപ്രവര്‍ത്തനം തുടരുകയും ചെയ്യും. സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകും.

ഇഎന്‍ മോഹന്‍ദാസിനെ സംബന്ധിച്ച് അന്‍വര്‍ പറഞ്ഞ കാര്യം എതിരാളികള്‍ പോലും ഉന്നയിക്കാത്തതാണ്. മറ്റെന്തെങ്കിലും രാഷ്ട്രീയ വിമര്‍ശനം അദ്ദേഹത്തിനെതിരെ ഉണ്ടായേക്കാം. അദ്ദേഹം ആര്‍എസ്എസ് കാരനാണെന്ന നിലയില്‍ പറയാന്‍ എനിക്ക് കഴിയില്ല. ശശിയുടെ ആര്‍എസ്എസ് ബന്ധത്തോടും തനിക്ക് യോജിക്കാനാവില്ല. വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും തള്ളിപ്പറയില്ല’- ജലീല്‍ പറഞ്ഞു.

അന്‍വര്‍ പൊലീസ് സേനയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളില്‍ ശരികള്‍ ഉണ്ടെന്ന് താന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. പക്ഷേ, പൊലീസ് സേനയില്‍ മൊത്തം പ്രശ്‌നമുണ്ടെന്ന് അന്‍വര്‍ പറഞ്ഞിട്ടില്ല. താന്‍ അഭിപ്രായവും വിമര്‍ശനവും പറയും, എന്നാല്‍ അന്‍വറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ലെന്നും ജലീല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. എഡിജിപിയെ പൂർണ്ണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും ജലീൽ പറഞ്ഞു

More Stories from this section

family-dental
witywide