
കൊച്ചി: കുവൈത്തില്‍ ബഹുനില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ കൊച്ചിയിലെത്തും.
വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിക്കുന്ന 24 മലയാളികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ വിമാനത്താവളത്തില്‍ തയ്യാറാണ്. നെടുമ്പാശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരടക്കം അന്തിമോപചാരം അര്‍പ്പിക്കും.
ഓരോ മൃതദേഹവും കൊണ്ടുപോകാനായി ഓരോ ആംബുലന്‍സുകളും സജ്ജമാണ്. അതേസമയം, മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയില്‍ സ്ഥിരതാമസക്കാരനായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം മുംബൈയിലാണ് എത്തിക്കുക.