കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. മൂന്നു മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33), പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കാസർഗോഡ് കുണ്ടടുക്കം സ്വദേശി രഞ്ജിത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിങ്, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭൂനാഥ് റിചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫൻ ഏബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, പി.വി.മുരളീധരൻ, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, റെയ് മണ്ട് മഗ് പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഇവരുടെ മറ്റു വിവരങ്ങൾ പുറത്തുവരുന്നതെയുള്ളൂ.
മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി ക്യാംപിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം. മലയാളികൾ ഉൾപ്പെടെ 195 പേർ ഫ്ലാറ്റിൽ താമസിച്ചിരുന്നു. സഹായവുമായി ആരോഗ്യവകുപ്പു രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. എൻബിടിസി കമ്പനിയിലെ ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമായ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.തീ നിയന്ത്രണ വിധേയമാക്കി. പരുക്കേറ്റവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. സംഭവസ്ഥലം പൊലീസിൻ്റെ സുരക്ഷാ വലയത്തിലാണ്. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്.