കൊച്ചി: കുവൈറ്റിലെ മംഗഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ സമയം രാവിലെ ആറരയോടെ കുവൈത്തില്‍നിന്ന് പുറപ്പെട്ട വിമാനം 10.30 ഓടെയാണ് കൊച്ചിയിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ മലയാളികളായ 23 പേരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും.
മലയാളികള്‍ക്ക് പുറമെ 7 തമിഴ്‌നാട്ടുകാരുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹം കൊച്ചിയില്‍ എത്തിക്കും. അവരുടേതും സംസ്ഥാന സര്‍ക്കാര്‍ ഏറ്റുവാങ്ങും. കേരള അതിര്‍ത്തി കഴിയുന്നത് വരെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള മൃതദേഹങ്ങള്‍ വഹിക്കുന്ന വാഹനങ്ങള്‍ക്ക് സംസ്ഥാന പൊലീസ് അകമ്പടി കൊടുക്കുമെന്നും മന്ത്രി കെ. രാജന്‍ വ്യക്തമാക്കി.
വിമാനം ഡല്‍ഹിയിലേക്കാണ് ആദ്യം വരാനിരുന്നത്. എന്നാല്‍ മരണപ്പെട്ടവരില്‍ ഏറെയും കേരളത്തില്‍ നിന്നുള്ളവരായിരുന്നതുകൊണ്ട് വിമാനം ആദ്യം കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു.