തിരുവനന്തപുരം: കേരളത്തെയും ഇന്ത്യയേയും ഏറെ കണ്ണീരു കുടിപ്പിച്ച കുവൈത്ത് തീപിടുത്ത ദുരന്തത്തില്‍ പ്രതികരണവുമായി എന്‍ബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പറഞ്ഞ അദ്ദേഹം കമ്പനിയുടെ ഭാഗത്ത് നിന്ന് എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും ഇന്‍ഷുറന്‍സ് അടക്കമുള്ളവ കൃത്യമായി ലഭ്യമാക്കുമെന്നും വ്യക്തമാക്കി.
അതേസമയം, അപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം തങ്ങള്‍ എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈത്ത്, ഇന്ത്യ സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞ എബ്രഹാം അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.
അപകടത്തെക്കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അപകടമുണ്ടായ കെട്ടിടം തങ്ങള്‍ ലീസിന് എടുത്തതാണെന്നും ജീവനക്കാര്‍ മുറിക്കുള്ളില്‍ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തില്‍ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം
അപകടം നടന്ന സമയത്ത് 80 പേരില്‍ കൂടുതല്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതല്ല, ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നും സെക്യൂരിറ്റി ക്യാബിനില്‍ നിന്നാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായതെന്നും വെളിപ്പെടുത്തി. അപകടമുണ്ടായ അപ്പാര്‍ട്ട്‌മെന്റില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
50 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ കേരളത്തില്‍ നിന്നുള്ള 24 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.