കുവൈറ്റ് ദുരന്തം: മലയാളികള്‍ ഉള്‍പ്പെടെ 45 പേരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിക്ക് പുറപ്പെട്ടു

ന്യൂഡല്‍ഹി: കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ അടക്കമുള്ള 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിക്ക് പുറപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 8.45 ഓടെ വിമാനം കൊച്ചിയില്‍ ഇറങ്ങുമെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള 23 പേരുടേയും തമിഴ്നാട്ടില്‍ നിന്നുള്ള ഏഴ് പേരുടേയും ആന്ധ്രാപ്രദേശ് (3), ഉത്തര്‍പ്രദേശ് (3), ഒഡീഷ(2), ബീഹാര്‍, പഞ്ചാബ്, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുടേയും മൃതദേഹങ്ങളാണ് ഇന്ന് രാവിലെയോടെ എത്തുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് വ്യാഴാഴ്ച ഉച്ചയോടെ കുവൈത്തിലെത്തി.  മൃതദേഹങ്ങള്‍ നേരത്തെ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമായി കുവൈറ്റ് സര്‍ക്കാരുമായി വിദേശകാര്യ സഹമന്ത്രി ചര്‍ച്ചകള്‍ നടത്തി. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ മന്ത്രി ആശുപത്രിയില്‍ എത്തി സന്ദര്‍ശിക്കുകയും ചെയ്തു.  കുവൈറ്റില്‍ ആവശ്യമായ ഇടപെടലിന് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തോട് ആഭ്യര്‍ത്ഥിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കുവൈറ്റിലേക്ക് പോകാന്‍ തയ്യാറായെങ്കിലും കേന്ദ്രത്തില്‍ നിന്ന് യാത്രാനുമതി കിട്ടിയില്ല. അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി വിണാജോര്‍ജ് വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ മടങ്ങിപ്പോയി.

ബുധനാഴ്ചയാണ് കുവൈറ്റിലെ മംഗഫ് ഏരിയയിലെ തൊഴിലാളികള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. ഇവിടെ താമസിക്കുന്ന 176 ഇന്ത്യന്‍ തൊഴിലാളികളില്‍ 45 പേര്‍ മരിച്ചു. 33 പേര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്, ബാക്കിയുള്ളവര്‍ സുരക്ഷിതരാണ്. പരുക്കേറ്റ എല്ലാവരും സുരക്ഷിതരാണെന്നും അവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ക്രമേണ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

More Stories from this section

family-dental
witywide