ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെയുടെ ‘എക്സ്’ അക്കൗണ്ട് കണ്ടവരെല്ലാം ഇന്ന് ആദ്യമൊന്ന് ഞെട്ടിക്കാണും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുകഴ്ത്തിയും ലിയോണല്‍ മെസ്സിയെ പരിഹസിച്ചും അധിക്ഷേപിച്ചുമുള്ള പോസ്റ്റുകളാണ് അക്കൗണ്ടില്‍ തുടരെ തുടരെ പ്രത്യക്ഷപ്പെട്ടത്. ടോട്ടനം ക്ലബിനെ കളിയാക്കിയും പോസ്റ്റുകളുണ്ട്. പലസ്തീനെ സ്വതന്ത്രമാക്കണമെന്ന് പറയുന്നതിനൊപ്പം ഇസ്രയേലിനെ തെറി വിളിച്ചുകൊണ്ടുള്ള പോസ്റ്റും താരത്തിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീടാണ് എല്ലാവർക്കും കാര്യം മനസിലായത്. സംഭവം എംബാപെയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു.
‘$MBAPPE’ എന്നപേരില്‍ ക്രിപ്റ്റോകറന്‍സിയുടെ പ്രമോഷന് പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. പ്രകോപനപരമായ നിരവധി പോസ്റ്റുകള്‍ പിന്നാലെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. ഫുട്ബോള്‍ മുതല്‍ ഇസ്രയേല്‍- പലസ്തീന് തര്‍ക്കം വരെ പിന്നീട് പോസ്റ്റുകളായെത്തി. അതേസമയം പോസ്റ്റുകളെല്ലാം ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.