
ന്യൂഡല്‍ഹി: നേരിട്ടുള്ള വിമാനങ്ങളുടെ അഭാവവും ഹോട്ടലില്‍ മുറികളുടെ എണ്ണത്തിലുള്ള കുറവും ഉള്‍പ്പെടെ ലക്ഷദ്വീപിലെത്തിയാല്‍ നേരിടാന്‍ നൂറുകൂട്ടം പ്രശ്‌നങ്ങളുണ്ട് വിനോദ സഞ്ചാരികള്‍ക്ക്. വിനോദസഞ്ചാരത്തെച്ചൊല്ലി മാലിദ്വീപുമായുള്ള തര്‍ക്കത്തിനിടയില്‍ സോഷ്യല്‍ മീഡിയയിലെ ‘ചലോ ലക്ഷദ്വീപ്’ ആഹ്വാനത്തിന്റെ വിളി കേട്ട് ലക്ഷദ്വീപിലേക്ക് ചാടിപ്പുറപ്പെടല്ലേ എന്നു പറയുന്നത് ലക്ഷദ്വീപില്‍ നിന്നുള്ള എംപി മുഹമ്മദ് ഫൈസലാണ്. ദ്വീപിന്റെ ദുര്‍ബലമായ പാരിസ്ഥിതികത കണക്കിലെടുത്ത് വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് എംപി മുഹമ്മദ് ഫൈസലിന്റെ അഭിപ്രായം.
പവിഴത്താല്‍ നിര്‍മ്മിച്ച ലക്ഷദ്വീപ് ‘വളരെ സെന്‍സിറ്റീവും പാരിസ്ഥിതികമായി വളരെ ദുര്‍ബലവുമാണ്, അതുകൊണ്ടാണ് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് രവീന്ദ്രന്‍ കമ്മീഷന്‍ ഒരു ‘ഐലന്‍ഡ് മാനേജ്മെന്റ് പ്ലാന്‍’ കൊണ്ടുവന്നത്. കമ്മീഷന്റെ ‘വ്യാപകമായി അംഗീകരിക്കപ്പെട്ട’ ഈ പദ്ധതി ദ്വീപുകളുടെ ‘വാഹകശേഷി’യെയും അവയ്ക്ക് ഉണ്ടായിരിക്കാവുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തെയും കൃത്യമായി സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപിലെ 36 ദ്വീപുകളില്‍ 10 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. നിലവില്‍ ലക്ഷദ്വീപിലെ ജനസംഖ്യയുടെ 8-10 ശതമാനം മാത്രമാണ് ടൂറിസത്തെ ആശ്രയിക്കുന്നത്.
നിരവധി ആളുകളുടെ പട്ടികയിലും ലക്ഷദ്വീപുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മാലിദ്വീപുമായുള്ള തര്‍ക്കത്തോടെ, തങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനം ലക്ഷദ്വീപായിരിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പ്രഖ്യാപിക്കുന്നു. എന്നാല്‍ ലക്ഷദ്വീപ് പരിസ്ഥിതി ലോല പ്രദേശമാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് ദ്വീപ് സന്ദര്‍ശനത്തെക്കുറിച്ച് വ്യാപകമായി പ്രചരിച്ച പോസ്റ്റിന് പിന്നാലെ മാലിദ്വീപ് മന്ത്രിമാര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതോടെയാണ് നയതന്ത്ര തര്‍ക്കം ആരംഭിച്ചത്.
മാലിദ്വീപിലെ മൂന്ന് മന്ത്രിമാരെ പുറത്താക്കുകയും രാജ്യത്തെ പ്രതിപക്ഷം അഭിപ്രായത്തെ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യക്കെതിരെ തിരിയുകയും അത് ചൈനയുമായുള്ള രാജ്യത്തിന്റെ ബന്ധത്തിന് പുതിയ ഉത്തേജനം നല്‍കുകയും ചെയ്തു. ദ്വീപ് രാഷ്ട്രത്തില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ മാലദ്വീപ് പ്രസിഡന്റ് ഇന്ത്യയ്ക്ക് സമയപരിധി നല്‍കി. മാര്‍ച്ച് 15നകം ഇന്ത്യന്‍ സൈനികര്‍ രാജ്യം വിടണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
എന്തും ഏറ്റെടുക്കുന്ന സോഷ്യല്‍ മീഡിയ ആകട്ടെ വിഷയത്തെ വല്ലാതെ ദുര്‍ബലമാക്കുകയും ആളുകളെ ലക്ഷദ്വീപിലേക്ക് ആകര്‍ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനോടകം തന്നെ പ്രമുഖരടക്കം നിരവധി പേര്‍ ലക്ഷദ്വീപിലെ തങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രംഗത്തെത്തുകയും ചെയിതിട്ടുണ്ട്.