ഗുജറാത്തില്‍ ഭൂമി കയ്യേറ്റം: ക്രിക്കറ്റ് താരവും എം.പിയുമായ യൂസഫ് പഠാന് നോട്ടീസ്

വഡോദര: ഗുജറാത്തില്‍ ഭൂമി കയ്യേറിയെന്ന് കാട്ടി ക്രിക്കറ്റ് താരവും ബഹരംപൂരില്‍ നിന്നുള്ള ലോക്സഭാ എംപിയുമായ യൂസഫ് പഠാന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. ഗുജറാത്തിലെ ബിജെപി ഭരിക്കുന്ന വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമി കയ്യേറിയെന്നാണ് നോട്ടീസ് പറയുന്നത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പഠാന്‍ ബഹരംപൂരില്‍ നിന്നാണ് ലോക്സഭയിലേക്കെത്തിയത്. ജൂണ്‍ 6 ന് പഠാന് നോട്ടീസ് കൈമാറി എന്ന് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (വിഎംസി) സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശീതള്‍ മിസ്ത്രി വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചു.

ഇപ്പോള്‍ കയ്യേറിയെന്ന ആരോപണം നിലനില്‍ക്കുന്ന ഭൂമി 2012 ല്‍ പത്താന്‍ വിഎംസിയോട് ആവശ്യപ്പെട്ടിരുന്നു. അക്കാലത്ത് നിര്‍മ്മാണത്തിലിരുന്ന പഠാന്റെ വീട് ആ പ്ലോട്ടിനോട് ചേര്‍ന്നായിരുന്നു. എന്നാല്‍ ആ സ്ഥലം കോര്‍പ്പറേഷന്‍ നല്കിയിരുന്നില്ല. തുടര്‍ന്ന് പഠാന്‍ തന്റെ വീടിനോട് ചേര്‍ന്നുള്ള ആ ഭാഗം കയ്യേറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കയ്യേറിയ ഭൂമി വില്‍ക്കാന്‍ 2012 മുതല്‍ പഠാന്‍ ശ്രമിച്ചിരുന്നുവെന്നും ഇത് ഗുജറാത്ത് സര്‍ക്കാര്‍ തടയുകയായിരുന്നുവെന്നുമാണ് വിവരം.

ഭൂമി കൈയേറ്റം വ്യക്തമായാല്‍ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുമെന്നാണ് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്. യൂസഫ് പത്താനോട് ഒരു വിരോധവുമില്ലെന്നും എന്നാല്‍ ഭൂമി കൈയേറ്റം അംഗീകരിക്കാന്‍ ആകില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide