ന്യൂഡല്‍ഹി: വടക്കന്‍ പാപുവ ന്യൂ ഗിനിയയിലെ ഒരു വിദൂര ഗ്രാമത്തില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ 300 ല്‍ അധികം ആളുകള്‍ മണ്ണിനടിയിലായെന്ന് റിപ്പോര്‍ട്ട്. ദുരന്തത്തില്‍ 1,100 ലധികം വീടുകളും മണ്ണിനടിയിലായതായി പ്രാദേശിക മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് എങ്ക പ്രവിശ്യയിലെ കാക്കളം ഗ്രാമത്തില്‍ അപകടമുണ്ടായത്. മണ്ണിടിച്ചിലില്‍പെട്ടവര്‍ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങുകയാണ്. പ്രവിശ്യയിലെ മണ്ണിടിച്ചില്‍ ആറിലധികം ഗ്രാമങ്ങളെ ബാധിച്ചതായി ഓസ്ട്രേലിയയുടെ ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് ട്രേഡ് ഡിപ്പാര്‍ട്ട്മെന്റ് (ഡിഎഫ്എടി) അറിയിച്ചു.
മരണസംഖ്യ ഉയരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പ്രദേശത്ത് എമര്‍ജന്‍സി ടീമുകള്‍ എത്തിയതിന് ശേഷം നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ഹെലികോപ്റ്ററുകളാണ് ഇപ്പോള്‍ പ്രദേശത്തേക്ക് എത്താനുള്ള ഏക മാര്‍ഗം. ഇതും രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു.