
കോഴിക്കോട്: വയനാട്ടിലെ മഹാ ദുരന്ത വാര്‍ത്തയ്‌ക്കൊപ്പം കോഴിക്കോടുനിന്നും കണ്ണൂരുനിന്നും വീണ്ടും ഉരുള്‍പൊട്ടല്‍ വാര്‍ത്ത. കോഴിക്കോട് വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടമുണ്ടായതായി വിവരം. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായതെന്നാണ് സൂചന. ഒരാളെ കാണാതായി വിവരമുണ്ട്.
പ്രദേശത്തെ ആളുകളെ ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ പതിനൊന്നോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വലിയ ശബ്ദം കേട്ട് ആളുകള്‍ ഓടിമാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. മഴവെള്ളപ്പാച്ചിലില്‍ വിലങ്ങാട് മലയങ്ങാട് പാലം ഒലിച്ചുപോയി. പ്രദേശത്തെ റോഡുകളെല്ലാം തകര്‍ന്നിട്ടുണ്ട്. നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ വന്‍നാശനഷ്ടങ്ങളാണ് കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കണ്ണൂര്‍ കോളയാട് ഉള്‍വനത്തിലും ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്. ആളപായമോ മറ്റോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.