ന്യൂഡല്‍ഹി: മേഘാലയയിലെ സൊഹ്റയ്ക്ക് സമീപമുള്ള നോങ്പ്രിയങ് ഗ്രാമത്തില്‍ വ്യാഴാഴ്ച മണ്ണിടിച്ചിലില്‍ ഉണ്ടായതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അഛനും അമ്മയും അയല്‍വാസിയും ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
അതി ശക്തമായ കാറ്റും മഴയും ഉണ്ടായതിനു പിന്നാലെ മണ്ണിടിച്ചില്‍ ഉണ്ടാകുകയായിരുന്നു. രണ്ട് വീടുകള്‍ മണ്ണിനടിയിലായിരുന്നു. ഫിസാര്‍ നോണ്‍ഗ്രൂമിന്റെ എന്ന 75കാരന്റെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. പിന്നീടാണ് 16 വയസുകാരന്‍ ലംലാങ് റിയാത്തത്, മാതാവ് ബെന്റി റിയാതം (60), പിതാവ് കിന്‍മാവ് സിംഗായി (70) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരകളുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തുക ഇന്ന് കൈ മാറും.
സൊഹ്റയില്‍ നിന്നുള്ള പോലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍, എസ്ഡിആര്‍എഫ് എന്നിവരടങ്ങിയ രക്ഷാസംഘം രണ്ട് മണിക്കൂറോളം നീണ്ട ബുദ്ധിമുട്ടേറിയ യാത്രയ്ക്കു ശേഷമാണ് ഗ്രാമത്തിലെത്തിയത്. ഗ്രാമത്തിലേക്കുള്ള റോഡ് തകര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഭാരമേറിയ യന്ത്രങ്ങള്‍ കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ ചെറിയ ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ടീമുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനായത്.