ബ്രസ്സല്‍സ്: കടന്നുപോയത് ലോകത്തെ ഏറ്റവും ചൂടേറിയ മാര്‍ച്ച്. മാത്രമല്ല, കടന്നുപോയ കഴിഞ്ഞ 10 മാസങ്ങളിലോരോന്നും തുടര്‍ച്ചയായി പുതിയ താപനില റെക്കോര്‍ഡ് സൃഷ്ടിച്ചതായും യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ വ്യതിയാന നിരീക്ഷണ സേവനം അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലെ ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍, കഴിഞ്ഞ 10 മാസങ്ങളില്‍ ഓരോന്നും റെക്കോര്‍ഡിലെ ഏറ്റവും ചൂടേറിയ മാസമായി മാറുകയായിരുന്നു.
മാര്‍ച്ചില്‍ അവസാനിക്കുന്ന 12 മാസങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഭൂമിയിലെ ഏറ്റവും ചൂടേറിയ 12 മാസ കാലയളവായി ഇത് കണക്കാക്കപ്പെട്ടിരിക്കുന്നുവെന്നും യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ വ്യതിയാന നിരീക്ഷണ സംവിധാനെ വെളിപ്പെടുത്തുന്നു. മാത്രമല്ല, ഇതുപോലുള്ള റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത് മാസംതോറും കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും, മാത്രമല്ല, അതിവേഗത്തിലാണ് ഈ മാറ്റമെന്നുമാണ്.
ഭൂമിയില്‍ സമീപ കാലങ്ങളിലുള്ളതില്‍വെച്ച് ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2023. അസാധാരണമായ കാലാവസ്ഥയ്ക്കും അസാധാരണമായ താപനിലയ്ക്കും സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നു കടന്നുപോയ 2023.
ആമസോണ്‍ മഴക്കാടുകളിലെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വരള്‍ച്ച ജനുവരി-മാര്‍ച്ച് മുതല്‍ വെനിസ്വേലയില്‍ റെക്കോര്‍ഡ് എണ്ണം കാട്ടുതീക്ക് കാരണമായെന്നും അതേസമയം ദക്ഷിണാഫ്രിക്കയിലെ വരള്‍ച്ച വിളകളെ നശിപ്പിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കുകയും ചെയ്‌തെന്നും യൂറോപ്യന്‍ യൂണിയന്റെ പഠനം വ്യക്തമാക്കുന്നു.