ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മാത്രം, 86 ഇന്ത്യക്കാര്‍ വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തതായി വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്. വ്യാഴാഴ്ച പാര്‍ലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021-ല്‍ 29 കേസുകളും 2022-ല്‍ 57 കേസുകളുമായിരുന്നത് 2023 ആയപ്പോഴേക്കും 86 ല്‍ എത്തി നില്‍ക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഞെട്ടിക്കുന്ന കണക്കാണിത്.
മന്ത്രി പങ്കുവെച്ച വിവരം പ്രകാരം, വിദേശ ഇന്ത്യക്കാര്‍ ഏറ്റവുമധികം ആക്രമിക്കപ്പെട്ടത് യു.എസിലാണ്. കണക്കുകള്‍ പ്രകാരം 12 എണ്ണം യുണൈറ്റഡ് സ്റ്റേറ്റ്‌സിലും 10 എണ്ണം വീതം കാനഡ, യുണൈറ്റഡ് കിംഗ്ഡം, സൗദി അറേബ്യ എന്നിവിടങ്ങളിലുമാണ്.
വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ഒന്നാണെന്നും ഏതെങ്കിലും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. അത്തരം സംഭവങ്ങളുണ്ടായാല്‍ ആതിഥേയ രാജ്യത്തെ അധികാരികളുമായി ബന്ധപ്പെട്ട് ഉടനടി വേണ്ട നടപടി സ്വീകരിക്കും. കേസുകള്‍ ശരിയായി അന്വേഷിക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്നും കീര്‍ത്തി വര്‍ധന്‍ സിംഗ് പറഞ്ഞു.