പ്രവാസി ഇന്ത്യക്കാരും/വിദേശപൗരത്വമുള്ള ഇന്ത്യൻ വംശജരും ഇന്ത്യൻ പൗരരെ വിവാഹം ചെയ്യുമ്പോൾ രജിസ്‌ട്രേഷൻ നിർബന്ധമാക്കണമെന്ന് നിയമ കമ്മിഷൻ ശുപാർശ. ഇതിനായി എൻആർഐ വിവാഹ രജിസ്‌ട്രേഷൻ ബിൽ–-2019ൽ കാതലായ ഭേദഗതികൾ കൊണ്ടുവരണമെന്നും നിയമ കമ്മിഷൻ 289–-ാം റിപ്പോർട്ടിൽ പറഞ്ഞു. ഇത്തരം വിവാഹബന്ധങ്ങളിൽ വ്യാജവിവാഹങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ശുപാർശയെന്ന് നിയമ കമ്മിഷൻ വിശദീകരിച്ചു.
വ്യാജവാഗ്‌ദാനങ്ങൾ നൽകിയും തെറ്റിദ്ധരിപ്പിച്ചും വിവാഹങ്ങൾ നടത്തുന്നതായും ഇത്തരം വിവാഹബന്ധങ്ങൾ ഇന്ത്യക്കാർക്ക് വലിയ മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നതായും പരാതികളുണ്ട്. പങ്കാളികളിൽ നിന്നും നിയമപരമായ നഷ്ടപരിഹാരം വാങ്ങാൻ നിയമപരമായ പ്രശ്‌നങ്ങളുണ്ട്.
നിയമം ലംഘിക്കുന്നവരുടെ പാസ്‌പോർട്ടും യാത്രാരേഖകളും സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കണം. പാസ്‌പോർട്ട് നിയമം ഭേദഗതി ചെയ്‌ത് വിവാഹിതരാണോ അവിവാഹിതരാണോയെന്നത് രേഖപ്പെടുത്തണം. വിവാഹിതരാണെങ്കിൽ അവരുടെ പാസ്‌പോർട്ടും പങ്കാളികളുടെ പാസ്‌പോർട്ടുമായി ബന്ധിപ്പിക്കണം.
ഇതിനായി ആഭ്യന്തര, വിദേശമന്ത്രാലയങ്ങളിൽ പ്രത്യേകവിഭാഗങ്ങൾ തുടങ്ങണം. ഇന്ത്യയിലായാലും വിദേശത്തായാലും 30 ദിവസത്തിനുള്ളിൽ വിവാഹം റജിസ്‌റ്റർ ചെയ്യണമെന്ന വ്യവസ്ഥ കർശനമാക്കണം–- തുടങ്ങിയ ശുപാർശകളുമുണ്ട്.
Law Commission Of India Proposals