
ചേലക്കര എൽഡിഎഫിൻ്റെ പൊന്നാപുരം കോട്ടയാണ്. എൽഡിഎഫ് കരുതിയതുപോലെ തന്നെ പിണറായി സർക്കാരിൻ്റെ മാനംകാത്തു ചേലക്കര. സിപിഎമ്മിൻ്റെ വിശ്വാസം കാത്ത് യു.ആര്‍ പ്രദീപ് വിജയചെങ്കൊടി പാറിച്ചു . പ്രദീപിന്റെ സൗമ്യതയും ഇടപെടലും ജനകീയതയും എല്‍ഡിഎഫിന്റെ പ്ലസ് പോയിന്റുകളായിരുന്നു.
പാട്ടുംപാടി ചേലക്കരയെ കൈയിൽ ഒതുക്കാമെന്നു കരുതിയ രമ്യാ ഹരിദാസിനും യുഡിഎഫിനും പിഴച്ചു. ചേലക്കര പോലൊരു മണ്ഡലത്തിൽ രമ്യയെ പോലൊരു സ്ഥാനാർഥിയെ നിർത്തുന്നതിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. യുഡിഎഫ്ഒ റ്റക്കെട്ടായി പ്രവര്‍ത്തിച്ചിട്ടും ഭൂരിപക്ഷം വലിയ തോതില്‍ കുറയ്ക്കാനായി എന്നതൊഴിച്ചാല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ചേലക്കര നല്‍കിയത് തിരിച്ചടി തന്നെ.
12122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ യു.ആര്‍ പ്രദീപ് മണ്ഡലം നിലനിര്‍ത്തിയത്. പ്രദീപിന് 64827 വോട്ടും രമ്യ ഹരിദാസിന് 52626 വോട്ടുമാണ് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായ രമ്യയ്ക്കെതിരേ വോട്ടെണ്ണലിന്റെ ഓരോ റൗണ്ടുകളിലും വന്‍ മുന്നേറ്റമാണ് പ്രദീപ് കാഴ്ചവെച്ചത്. ഒരു ഘട്ടത്തിലും ആ കുതിപ്പ് തടയാന്‍ രമ്യയ്ക്കായില്ല. കോണ്‍ഗ്രസ് ക്യാമ്പ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന മേഖലകളില്‍പ്പോലും പ്രദീപിന്റെ തേരോട്ടമായിരുന്നു. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി മൂന്നാം സ്ഥാനത്ത് തന്നെയാണെങ്കിലും പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞത് ആശ്വാസമായി. എന്നാല്‍, പി.വി.അന്‍വറിന്റെ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ എന്‍.കെ.സുധീറിന്റെ പ്രകടനം ദയനീയമായിരുന്നു. 3920 വോട്ട് മാത്രമാണ് സുധീറിന് നേടാനായത്.
പാട്ടുപാടിയും പ്രസ്താവനകളിറക്കിയും പിആർ വർക് നടത്തിയും സിപിഎം എന്ന കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയേയും അതിന്റെ സംഘടനാ സംവിധാനത്തേയും തോല്‍പിക്കാനാകില്ല എന്ന് വിഡി സതീശനും കെ. സുധാകരനും മനസ്സിലാക്കുമായിരിക്കും. 2026ലെ തിരഞ്ഞെടുപ്പ് പിടിക്കാൻ ഇപ്പോൾ നടത്തിയ ഗൃഹപാഠങ്ങൾ പോരെന്നു കോൺഗ്രസ് മനസ്സിലാക്കുമായിരിക്കും.
ചേലക്കരയില്‍ തമ്പടിച്ച് പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയായിരുന്നു. തൃശൂര്‍ പൂരം കലക്കല്‍ കരുവന്നൂര്‍ വിവാദം അടക്കം കടുത്ത വിവാദങ്ങള്‍ സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണ് എല്‍ഡിഎഫ് ഈ വിജയം നേടിയത്. സിപിഎമ്മിന്റെ സംഘടന സംവിധാനത്തിന്റെ ശക്തി വിളിച്ചോതുന്ന ഈ വിജയം, 2026 ലേക്ക് സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം ഇതാദ്യമായാണ് ഒരു ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുന്നത്. മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനെ സിപിഎം ആലത്തൂരില്‍ മത്സരിപ്പിച്ചത് തന്നെ കൈവിട്ട കോട്ട തിരിച്ചുപിടിക്കാനായിരുന്നു. ഒന്നര ലക്ഷം വോട്ടിന് പി.കെ ബിജുവിനെ തോല്‍പിച്ച് രമ്യ ഹരിദാസ് പിടിച്ചെടുത്ത മണ്ഡലം 20,000 വോട്ടിന് രാധാകൃഷ്ണന്‍ തിരിച്ചുപിടിച്ചു. ഒരു കോട്ട തിരിച്ചുപിടിക്കുമ്പോള്‍ കൈയിലുണ്ടായിരുന്ന കോട്ട കൈവിട്ടാല്‍ അത് വലിയ ക്ഷീണമാകുമായിരുന്നു.
LDF wins Chelakkara Ramya Haridas lost this election too