ന്യൂഡല്‍ഹി: മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 123 പേര്‍ മരിച്ച ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇന്ന് രാവിലെ മാധ്യമങ്ങളോട് ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്.
ഹാഥ്‌റസില്‍ സന്ദര്‍ശനം നടത്തുകയും ദുരിതബാധിതരുമായി രാഹുല്‍ സംസാരിക്കുകയും ചെയ്യുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
അപകടത്തിനു പിന്നാലെ അനുശോചനം അറിയിച്ച് രാഹുല്‍ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. തിക്കിലും തിരക്കിലും പെട്ട് നിരവധി ഭക്തര്‍ മരിച്ചെന്ന വാര്‍ത്ത വളരെ വേദനാജനകമാണെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവും നല്‍കണമെന്ന് സര്‍ക്കാരിനോടും ഭരണകൂടത്തോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ‘ഭോലെ ബാബ’ എന്നറിയപ്പെടുന്ന നാരായണ്‍ സാകര്‍ ഹരിയുടെ സത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചത്. യുപിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി രണ്ടര ലക്ഷത്തോളം പേര്‍ വേദിയിലേക്ക് ഒഴുകിയെത്തിയിരുന്നു.
പ്രത്യേക അന്വേഷണ സംഘം സംഭവം അന്വേഷിക്കുകയാണ്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെയും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭോലെ ബാബ എന്ന നാരായണ്‍ സാകര്‍ ഹരി ഇപ്പോഴും ഒളിവിലാണ്.