സിഎഎ: തെന്നിന്ത്യയിലും ബംഗാളിലും അസമിലും പ്രതിഷേധം, മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിൽ

കേന്ദ്രസർക്കാർ ഇന്നലെ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) ചട്ടം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ. സിഎഎ നിയമം പ്രഥമ ദൃഷ്ട്യാ തന്നെ ഭരണഘടന വിരുദ്ധമാണെന്നും ഉടൻ തന്നെ ഇത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസുകളിലെ പ്രധാന ഹര്‍ജിക്കാരാണ് ലീഗ്.

വിജ്ഞാപനത്തിനെതിരെ കേരള സര്‍ക്കാരും സുപ്രീം കോടതിയെ സമീപിക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഡിവൈഎഫ്‌ഐയും സുപ്രീം കോടതിയെ സമീപിക്കും. സിഎഎ വിജ്ഞാപനത്തിനെതിരെ കടുത്ത സമരവുമായി രംഗത്തിറങ്ങാനാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നീക്കം. പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് 14 ജില്ലകളിലും മിഡ്‌നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.

സിഎഎ നടപ്പാക്കുന്നതിനെതിരെ കേരളവും ബംഗാളും ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം എന്തുവന്നാലും നടപ്പാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അറിയിച്ചിരുന്നു. ഇന്ന് അസമിൽ ഹർത്താലാണ് . സിഎഎ നിയമത്തിന്റെ കോപ്പികൾ കത്തിച്ചുകൊണ്ട് വലിയ പ്രതിഷേധം ഇന്നലെ അരങ്ങേറിയിരുന്നു.

വിജ്ഞാപനത്തിനെതിരെ തമിഴ്‌നാട്ടിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. പൗരത്വഭേദഗതി നിയമം കേന്ദ്ര സര്‍ക്കാരിന്റെ വിഭജന അജൻഡ നടപ്പിലാക്കുന്നതിന് ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

എല്ലാ പൗരന്മാരും സൗഹാര്‍ദത്തോടെ ജീവിതം നയിക്കുന്ന രാജ്യത്ത് സിഎഎ പോലുള്ള ഒരു നിയമവും നടപ്പിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് നടന്‍ വിജയ് യുടെ തമിഴക വെട്രിക്ക് കഴകം പ്രതികരിച്ചു. സിഎഎയ്‌ക്കതിരെ എഐഎഡിഎംകെയും രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ചരിത്രപരമായ മണ്ടത്തരമാണെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി കുറ്റപ്പെടുത്തി.

League moves to Supreme Court Against CAA

More Stories from this section

family-dental
witywide