രൂപത്തിലും ഭാവത്തിലും ‘ദുബായ് രാജകുമാരൻ’ ചമഞ്ഞെത്തി, 21 കോടി തട്ടിയെടുത്തു; അമേരിക്കയെ ഞെട്ടിച്ച തട്ടിപ്പ് കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

വാഷിംഗ്ടൺ: ‘ദുബായ് രാജകുമാരൻ’ ചമഞ്ഞെത്തി അമേരിക്കയെ ഞെട്ടിച്ച തട്ടിപ്പ് കേസിലെ പ്രതിക്ക് 20 വർഷം തടവുശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ നിക്ഷേപകരെ പറ്റിച്ച് 2.5 മില്യൺ ഡോളർ (21 കോടിയിലേറെ ഇന്ത്യൻ തുക) തട്ടിയെടുത്ത ലബനീസ് പൗരനായ അലക്‌സ് ജോർജസ് ടന്നൗസെന്ന പ്രതിക്ക് സാന് അന്റോണിയോയിലെ യു എസ് ഫെഡറൽ കോടതിയാണ് 20 വർഷം ജയിൽ ശിക്ഷ വിധിച്ചത്. യു എ ഇ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ലബനീസ് ബിസിനസുകാരനായ അലക്‌സ് ജോർജസ് ടന്നൗസ് യു എ ഇ രാജകുടുംബാംഗമാണെന്നും ദുബായ് രാജകുമാരൻ ആണെന്നും പറഞ്ഞാണ് അമേരിക്കയിൽ വൻ തട്ടിപ്പ് നടത്തിയത്.

ദുബായിയിൽ ബിസിനസ് നടത്തിയാൽ വൻ ലാഭം ലഭിക്കുമെന്ന വാഗ്ദാനം നൽകിയാണ് ലബനീസ് ബിസിനസുകാരനായ അലക്‌സ് ജോർജസ് അമേരിക്കയിൽ തട്ടിപ്പ് നടത്തിയത്. അലക്‌സിന്‍റെ വാഗ്ദാനത്തിൽ വീണവർ ദുബായിയിൽ നിക്ഷേപം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇവരിൽ നിന്നെല്ലാമായി 2.5 മില്യൺ ഡോളറാണ് പ്രതി തട്ടിയെടുത്തത്. യു എ ഇയിൽ വലിയ ബിസിനസ് സംരംഭങ്ങൾ നടത്തുന്നുണ്ടെന്നും തന്‍റെ ബിസിനസിൽ പങ്കാളികളായാൽ വൻ തുക ലാഭമായി കിട്ടുമെന്നാണ് ഇയാൾ വിശ്വസിപ്പിച്ചത്. ഇവരിൽ നിന്നും തട്ടിയെടുത്ത 2.5 മില്യൺ ഡോളർ ഉപയോഗിച്ച് അലക്‌സ് ടന്നൗസ് ആഡംബര ജീവിതം നയിക്കവെയാണ് പിടിയിലായത്.

വാഗ്ദാനത്തിനനുസരിച്ചുള്ള പണം ലഭിക്കാതായതോടെ പണം നിക്ഷേപിച്ചവർ പരാതി നൽകുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അലക്സിനെ അമേരിക്കൻ പൊലീസ് പിടികൂടി. ജൂലൈ 25 ന് പ്രതി കുറ്റക്കാരനാണെന്ന് യു എസ് ഫെഡറൽ കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഇയാൾക്ക് തടവുശിക്ഷ വിധിച്ചത്. നഷ്ടപരിഹാരത്തുകയായി 2.2 മില്യൺ ഡോളർ പ്രതി അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.