പാട്ടിന്റെ രാജഹംസം; മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 61ാം പിറന്നാൾ

മലയാളികളുടെ കാതിൽ നിത്യേന പെയ്യുന്ന ആ തേൻ മഴയ്ക്ക്, മലയാളത്തിന്റെ സ്വരമാധുര്യം കെ.എസ്. ചിത്രയ്ക്ക് ഇന്ന് 61ാം ജന്മദിനം. കഴിഞ്ഞ നാലുപതിറ്റാണ്ടുകളിലേറെയായി മലയാളിയുടെ ബാല്യ, കൗമാര, യൗവന ചേതനകൾക്കൊപ്പം ആ ശബ്ദവും ഉണ്ട്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, ബംഗാളി, പഞ്ചാബി, ഗുജറാത്തി, രാജസ്ഥാനി, ഒറിയ, തുളു, അറബിക്, ഉറുദു, മലായ്‌, സിംഗ, സംസ്‌കൃതം, അസമീസ് എന്നിങ്ങനെ വിവിധ ഭാഷകളിലായി 25,000ത്തിൽ പരം പാട്ടുകൾ ചിത്രയാൽ അനുഗ്രഹീതമാക്കപ്പെട്ടു.

1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകളായായി തിരുവനന്തപുരത്താണ് കെ എസ് ചിത്രയുടെ ജനനം. പ്രമുഖ ഗായികയായിരുന്ന കെ എസ് ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ എസ് മഹേഷ് എന്നിവരാണ് സഹോദരങ്ങൾ.

സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയ അച്ഛൻ  കൃഷ്ണൻ നായർ തന്നെ ആയിരുന്നു ചിത്രയുടെ ആദ്യ ഗുരുവും. പിന്നീട് ഡോ. കെ ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചു. ഓമനക്കുട്ടിയുടെ സഹോദരൻ കൂടിയായ എം.ജി. രാധാകൃഷ്ണൻ ആണ് ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രയ്ക് അവസരം നൽകിയത്. 

1979-ല്‍ എം ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ..’ ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. ‘ഞാന്‍ ഏകനാണ്’ എന്ന ചിത്രത്തിനു വേണ്ടി സത്യന്‍ അന്തിക്കാട് രചിച്ച് എം ജി രാധാകൃഷ്ണന്‍ സംഗീതമൊരുക്കിയ ‘രജനീ പറയൂ…’ എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്.

1983ല്‍ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി ഒട്ടേറെ അവസരങ്ങള്‍ എത്തിത്തുടങ്ങി.  യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. 

ആറ് തവണ ദേശീയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ നേടിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ ഗായികമാരിൽ ഒരാൾ കൂടി ആണ് ചിത്ര എസ്. പി ബാലസുബ്രഹ്മണ്യവും കെ എസ് ചിത്രയുമാണ് ഇന്ത്യയിൽ ഏറ്റവും അധികം യുഗ്മഗാനങ്ങൾ പാടിയിട്ടുള്ളത്.

1986ല്‍ പുറത്തിറങ്ങിയ ‘സിന്ധുഭൈരവി’ എന്ന ചിത്രത്തിലെ ‘പാടറിയേ പഠിപ്പറിയേ’ എന്ന ഗാനത്തിലൂടെയാണ് ചിത്ര ആദ്യമായി ദേശീയ പുരസ്‌കാരം നേടുന്നത്. 1987 ല്‍ ‘നഖക്ഷതങ്ങള്‍’ ചിത്രത്തിലെ ‘മഞ്ഞള്‍ പ്രസാദവും’ എന്ന ഗാനത്തിലൂടെ രണ്ടാമത്തെ ദേശീയ പുരസ്‌കാരവും ചിത്രയെ തേടിയെത്തി. 1989 ല്‍ വൈശാലി എന്ന ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നില്‍ക്കും’ എന്ന ഗാനത്തിന്  മൂന്നാമത്തെ ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തി. ‘മിന്‍സാരക്കനവ്’ എന്ന തമിഴ് ചിത്രത്തിലെ ‘മാന മധുരൈ’  എന്ന ഗാനത്തിലൂടെ 1996 ല്‍ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. 1997 ല്‍ ഹിന്ദി ചിത്രം ‘വിരാസത്തി’ലെ ‘പായലേ ചുന്‍ മുന്‍’ എന്ന ഗാനത്തിലൂടെ അഞ്ചാമത്തെ ദേശീയ പുരസ്‌കാരം നേടി. 2004 ല്‍ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനത്തിലൂടെ ചിത്രയെ തേടി ആറാമത്തെ ദേശീയ പുരസ്‌കാരവും എത്തി.

16 സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ ചിത്രയെ തേടിയെത്തി. 2005ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യവും ചിത്രയെ ആദരിച്ചു. ഒമ്പത് തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. നാല് തവണ തമിഴ്‍നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. മൂന്ന് തവണ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു.

More Stories from this section

family-dental
witywide