ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ സ്വത്ത് സംരക്ഷിക്കാൻ നിയമനിർമാണം നടത്തണം: മദ്രാസ് ഹൈക്കോടതി

ചെന്നൈ : ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ സ്വത്ത് സംരക്ഷിക്കാൻ നിയമനിർമാണം നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി. സ്ഥാപനങ്ങളുടെ അധികാരസ്ഥാനങ്ങൾ വഹിക്കുന്നവർ സ്വത്തുക്കൾ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് വഖഫ്, ദേവസ്വം നിയമങ്ങളുടെ മാതൃകയിൽ നിയമങ്ങൾ കൊണ്ടുവരണമെന്ന് ജസ്റ്റിസ് പി. വേൽമുരുകൻ, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഹൈക്കോടതി മധുര ബെഞ്ച് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

തൂത്തുക്കുടി ബാപ്റ്റിസ്റ്റ് സൊസൈറ്റിയുടെ സ്വത്ത് ഇവരുടെ എതിർവിഭാഗമായ തമിഴ് ബാപ്റ്റിസ്റ്റ് മിഷൻ ചർച്ച് ട്രസ്റ്റിന്റെ പേരിലാക്കിയതിനെതിരേ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് നിരീക്ഷിച്ചത്.

നിർധനരായവരുടെ ഉന്നതിക്കുവേണ്ടിയാണ് ക്രിസ്ത്യൻ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ, ഇത്തരം സ്ഥാപനങ്ങളുടെ അധികാരത്തിലിരിക്കുന്നവർ ഇവയുടെ സ്വത്തുക്കൾ തങ്ങളുടെ താത്പര്യത്തിനായി ഉപയോഗിക്കുന്നു. ഒരു ലക്ഷം കോടിയോളം രൂപയുടെ സ്വത്തുക്കൾ സംബന്ധിച്ച് കേസുകൾ രാജ്യത്താകെ നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.