ന്യൂയോർക്ക്: 2019-ൽ സെക്‌സ് ട്രാഫിക്കിംഗ് ആരോപണത്തിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ ആത്മഹത്യ ചെയ്ത ജെഫ്രി എപ്‌സ്റ്റീൻ എന്ന ജെറ്റ് സെറ്റിംഗ് ഫിനാൻഷ്യറുമായി ബന്ധപ്പെട്ട മുൻകാല രഹസ്യ കോടതി രേഖകൾ പുറത്ത്. നീണ്ട നിയമ തർക്കത്തിന് ശേഷം ന്യൂയോർക്കിലെ ഒരു ഫെഡറൽ കോടതിയിലാണ് പേരുകൾ വെളിപ്പെടുത്തിയത്.
ഹോളിവുഡ് താരങ്ങളായ ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് ബ്ലാഞ്ചെറ്റ്, കാമറൂൺ ഡയസ്, ബ്രൂസ് വില്ലിസ്, കെവിൻ സ്‌പേസി യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ലോകപ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് തുടങ്ങിയ പേരുകളാണ് രേഖകളിൽ ഉള്ളത്. അതേസമയം, ഈ പേരുകൾ രേഖകളിൽ ഉള്ളതുകൊണ്ടു മാത്രം ഇവർ എന്തെങ്കിലും കുറ്റ കൃത്യം നടത്തി എന്ന് തെളിയിക്കാനാകില്ല.
“ആ സമയത്ത് എപ്‌സ്റ്റീൻ ഒരുപാട് ഫോണിൽ സംസാരിക്കുമായിരുന്നു, ഒരിക്കൽ അദ്ദേഹം പറഞ്ഞു, ‘ഓ, അത് ലിയോനാർഡോ ആയിരുന്നു, അല്ലെങ്കിൽ അത് കേറ്റ് ബ്ലാഞ്ചെറ്റ് അല്ലെങ്കിൽ ബ്രൂസ് വില്ലിസ് ആയിരുന്നു,'” ദൃക്‌സാക്ഷികളിലൊരാൾ അവകാശപ്പെട്ടു. ലിയോനാർഡോ ഡികാപ്രിയോയെ കണ്ടിട്ടുപോലുമില്ലെന്നും ആ വ്യക്തി കൂട്ടിച്ചേർത്തു.
2019ൽ മരിച്ച എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസിലെ ആയിരത്തോളം പേജുകളാണ് ന്യൂയോര്‍ക്ക് ഡിസ്ട്രിക്ട് കോടതി ജഡ്ജി ലൊറേറ്റ പ്രെസ്‌കയുടെ ഉത്തരവു പ്രകാരം പരസ്യപ്പെടുത്തുന്നത്. ഇതുവരെ പുറത്തുവന്ന രേഖകളില്‍ 170ലേറെ പേരുകളാണ് ഉള്ളത്. പ്രമുഖരായ പലരുടെയും പേരുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരിൽ പലരും ചെയ്ത ലൈംഗിക കുറ്റകൃത്യങ്ങളും രേഖകളില്‍ വിശദീകരിക്കുന്നുണ്ട്.
ലൈംഗിക ബന്ധത്തിനായി 14 വയസുകാരിക്ക് പണം വാഗ്ദാനം ചെയ്തതിന് 2005ല്‍ ഫ്ലോറിഡയില്‍ വച്ചാണ് ഇയാള്‍ ആദ്യമായി അറസ്റ്റിലാകുന്നത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി.
2015ലാണ് ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ക്ക് അടിസ്ഥാനമായ കേസുണ്ടായത്. വിര്‍ജീനിയ ഗ്യുഫ്‌റെ എന്ന സ്ത്രീയാണ് ജെഫ്രി എപ്‌സ്റ്റീന്റെ കൂട്ടാളിയായിരുന്ന ഗിസ്‌ലൈന്‍ മാക്‌സ്‌വെലിനെതിരെ കേസ് ഫയല്‍ ചെയ്തത്. 2021ല്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.