
മലപ്പുറം: മുള്ള്യാർകുർശ്ശിയിലെ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. വൈകിട്ട് നാലരയോടെ മാട്ടുമ്മൽ സ്വദേശി ഉമൈറിന്‍റെ വീട്ടുമുറ്റത്ത് നിന്ന ആടിനെ പുലി കടിച്ച് കൊണ്ടു പോയി. പുലിയെ കണ്ടെത്താൻ പ്രദേശത്ത് നാട്ടുകാർ തിരച്ചിൽ തുടങ്ങി. പുലിയെ പിടിക്കാൻ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സ്ഥിരമായി പുലി സാന്നിധ്യമുള്ള പ്രദേശമാണ് മുള്ള്യാർകുർശ്ശി. ഉമൈറിന്‍റെ തന്നെ ഇരുപതോളം ആടുകളെ മുമ്പ് പുലി കടിച്ചു കൊന്നിരുന്നു.
രണ്ടാഴ്ച മുമ്പ് മലപ്പുറത്ത് സമാനരീതിയിൽ പുലിയുടെ ആക്രമണം നടന്നിരുന്നു. ആടിനെ കടിച്ചു കൊണ്ട് പോവുകയായിരുന്നു. ഇതിന് പിന്നാലെ വനം വകുപ്പ് പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചു. എന്നാൽ, കാമറയിൽ നിന്ന് പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചില്ല.
വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയിലും കഴിഞ്ഞദിവസം പുലിയിറങ്ങിയിരുന്നു. രാത്രി പതിനൊന്ന് മണിയോടെയാണ് പുലി എത്തിയത്. പുലി രണ്ട് വീടുകള്‍ക്കുള്ളില്‍ കയറാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.