കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ മത്സരിക്കരുത്; സുപ്രീം കോടതിയുടെ താക്കീത്

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാരുകൾ കോടതിയെ സമീപിച്ച സമീപകാല സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിക്കുന്നതിന് പകരം സഹകരിച്ചു മുന്നോട്ടു പോകണമെന്ന് ഇരുവിഭാഗങ്ങളോടും കോടതി ആഹ്വാനം ചെയ്തു. വരൾച്ച ദുരിതാശ്വാസ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വരൾച്ച കൈകാര്യം ചെയ്യുന്നതിനായി എൻഡിആർഎഫ് സാമ്പത്തിക സഹായം അനുവദിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ നൽകിയ ഹർജി പരിഗണിക്കവേ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് താക്കീത് നൽകിയത്.

വരൾച്ച നേരിടാൻ കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന് കർണാടക സർക്കാർ കുറ്റപ്പെടുത്തി. ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം (ഐഎംസിടി) റിപ്പോർട്ട് ലഭിച്ച് ഒരു മാസത്തിനകം എൻഡിആർഎഫ് സഹായം നൽകുന്ന കാര്യത്തിൽ കേന്ദ്രം അന്തിമ തീരുമാനമെടുക്കണമെന്നാണ് ചട്ടങ്ങൾ ആവശ്യപ്പെടുന്നതെന്ന് കർണാകട സർക്കാരിന് വേണ്ടി ഹാജരായ കപിൽ സിബൽ ബെഞ്ചിനെ അറിയിച്ചു. കർണാടകയെ സംബന്ധിച്ചിടത്തോളം, ഈ കാലയളവ് 2023 ഡിസംബറിൽ അവസാനിച്ചു, എന്നാൽ ഒന്നും ലഭിച്ചില്ലെന്നും കപിൽ സിബൽ പറഞ്ഞു.

എന്നാൽ, കോടതിയെ സമീപിക്കുന്നതിനു പകരം സംസ്ഥാനത്തുനിന്നുള്ള ആരെങ്കിലും കേന്ദ്രവുമായി സംസാരിച്ചിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന് ജസ്റ്റിസ് മേത്ത പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഹർജിയുടെ സമയത്തെയും അദ്ദേഹം ചോദ്യം ചെയ്യുകയും നോട്ടീസ് നൽകരുതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്രത്തിനെതിരെ ആശ്വാസം തേടി പല സംസ്ഥാനങ്ങളും സമീപിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide