ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയത്തില്‍ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളെ ഇനിയൊരിക്കലും വിലകുറച്ച് കാണേണ്ടതില്ലെന്നും മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ സ്മൃതി ഇറാനി. രാഹുൽ വിജയിച്ചുവെന്ന് അദ്ദേഹം സ്വയം കരുതുന്നു. ജാതി രാഷ്ട്രീയം മുതല്‍ രാഷ്ട്രീയ എതിരാളികളെ പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങള്‍ വരെ അദ്ദേഹം മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ പുതിയ തന്ത്രത്തിന്റെ ഭാഗമാണെന്നും സ്മൃതി ഇറാനി ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പറഞ്ഞു.
“അദ്ദേഹം (രാഹുൽ ഗാന്ധി) ജാതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, പാർലമെൻ്റിൽ വെള്ള ടീ-ഷർട്ട് ധരിക്കുമ്പോൾ, അത് യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ നമ്മൾ വില കുറച്ച് കാണരുത്. അവ നല്ലതോ ചീത്തയോ അല്ലെങ്കിൽ പക്വതയില്ലാത്തതോ ആയിരിക്കാം. പക്ഷേ, അത് രാഷ്ട്രീയത്തിന്റെ മറ്റൊരു ശൈലിയെ പ്രതിനിധീകരിക്കുന്നുണ്ട്,”സ്മൃതി ഇറാനി പറഞ്ഞു.
രാഹുല്‍ഗാന്ധിക്ക് അദ്ദേഹം നടത്തിയ ക്ഷേത്രദര്‍ശനങ്ങളില്‍നിന്ന് അദ്ദേഹത്തിന് യാതൊരു ഗുണവുമുണ്ടായില്ലെന്നും സ്മൃതി ഇറാനി പരിഹസിച്ചു. രാഹുലിന്റെ ക്ഷേത്ര ദർശനങ്ങൾ തമാശയായി മാറി. ചിലര്‍ അത് കാപട്യമാണെന്ന് കരുതി. ഇത് ഫലിക്കാതെ വന്നതോടെ ജാതി രാഷ്ട്രീയത്തിലേക്ക് മാറിയെന്നും അത് ഫലം കണ്ട് തുടങ്ങിയെന്നും സ്മൃതി ഇറാനി പറഞ്ഞു.
2019 ൽ കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയിൽ സ്‌മൃതി ഇറാനി രാഹുൽ ഗാന്ധിയെ തോൽപ്പിച്ചിരുന്നു. എന്നാൽ 2024 ൽ രാഹുൽ അമേഠിയിൽ നിന്ന് റായ്ബറേലിയിലേക്ക് മാറുകയും വലിയ ഭൂരിപക്ഷം നേടി വിജയിക്കുകയും ചെയ്തു. അമേഠിയിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ സ്‌മൃതി ഇറാനിയെ തോൽപ്പിക്കുകയും ചെയ്തു.