മാത്യുക്കുട്ടി ഈശോ
ന്യൂയോര്‍ക്ക്/പന്തളം: ചലനശേഷി ഇല്ലാതെ ജീവിത യാത്രയില്‍ പ്രത്യാശ നഷ്ടപ്പെട്ട നൂറ് ജീവിതങ്ങള്‍ക്ക് ഇനി സ്വപ്‌ന സാക്ഷാത്കാരത്തിന്റെ സന്തോഷ ദിനങ്ങള്‍. അപ്രതീക്ഷിതമായി വിവിധ അപകടങ്ങളില്‍പ്പെട്ടും ജീവിതയാത്രയില്‍ പിടിവിടാതെ കടന്നു കൂടിയ രോഗങ്ങളാലും കാലുകള്‍ നഷ്ടപ്പെട്ട് മുമ്പോട്ടുള്ള ജീവിതം വഴിമുട്ടി നിന്ന നൂറു പേര്‍ക്കാണ് കഴിഞ്ഞ ദിവസം സൗജന്യ കൃത്രിമക്കാലുകള്‍ നല്‍കി ‘ലൈഫ് ആന്‍ഡ് ലിംബ്സ്’ എന്ന സ്ഥാപനം ജനഹൃദയങ്ങളെ കീഴടക്കിയത്.
പന്തളം കുരമ്പാലയിലുള്ള ഈഡന്‍ ഗാര്‍ഡന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ 21 ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് നൂറു പേര്‍ കൃത്രിമ കാലുകള്‍ വച്ച് തങ്ങളുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തിലേക്ക് ചുവട് വച്ചപ്പോള്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചവരിലും സന്തോഷത്തിന്റെ ഹൃദയ സ്പന്ദനം അനുഭവിച്ച നിമിഷങ്ങള്‍. ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ‘ലൈഫ് ആന്‍ഡ് ലിംബ്സ്’ എന്ന സ്ഥാപനത്തിന്റെ സാരഥികളായ ന്യൂയോര്‍ക്ക് പ്രവാസി ജോണ്‍സണ്‍ സാമുവേലിനും സഹധര്‍മ്മിണി ജോളിക്കും ജീവിത നിര്‍വൃതിയുടെ അനുഗ്രഹീത മുഹൂര്‍ത്തങ്ങളായിരുന്നു അത്.
ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജോണ്‍സണ്‍ ശാമുവേല്‍ (റെജി) എന്ന മനുഷ്യ സ്നേഹി കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തില്‍ കാലുകള്‍ നഷ്ടപ്പെട്ടവരെ പരസഹായം കൂടാതെ നടക്കുവാന്‍ സഹായകരമായ കൃത്രിമ കാലുകള്‍ നല്‍കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഇരുന്നൂറിലധികം വ്യക്തികള്‍ക്ക് ചലന ശേഷി നല്‍കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സ്വന്തം സമ്പാദ്യത്തില്‍ നിന്ന് സ്വരൂപിച്ചതും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലുമാണ് അത് സാധ്യമാക്കിയത്. അതിനായി ‘ലൈഫ് ആന്‍ഡ് ലിംബ്സ്’ (Life and Limbs) എന്ന സ്ഥാപനം തന്റെ ജന്മദേശമായ മാവേലിക്കരയില്‍ സ്ഥാപിക്കുവാനും അനേകര്‍ക്ക് അതിലൂടെ സഹായം നല്‍കുവാനും നേരിട്ട് പ്രവര്‍ത്തിച്ചു വരുന്നു. പത്താമത് വാര്‍ഷികം ആഘോഷിച്ച ഈ വര്‍ഷം ഡിസംബര്‍ 21 ശനിയാഴ്ച കാലുകള്‍ നഷ്ട്ടപ്പെട്ട നൂറ് പേര്‍ക്കായി നൂറ്റിപ്പതിനഞ്ചു കൃത്രിമക്കാലുകളാണ് നല്‍കിയത്. പതിനഞ്ചു പേര്‍ ഇരുകാലുകളും നഷ്ട്ടപ്പെട്ടവരായിരുന്നു. ഒരു കൃത്രിമക്കാലിന് രണ്ടായിരം ഡോളറിലധികം (ഏകദേശം രണ്ടു ലക്ഷം രൂപ) ചെലവ് വരുന്ന ജര്‍മ്മന്‍ നിര്‍മ്മിത ഓട്ടോബൂക് എന്ന കമ്പനിയുടെ ഏറ്റവും ഗുണമേന്മയുള്ള കാലുകളാണ് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയത്.
ന്യൂയോര്‍ക്കിലുള്ള വിവിധ മനുഷ്യസ്‌നേഹികളുടെ സഹായത്തോടുകൂടിയാണ് ഇത്തവണ നൂറ് പേര്‍ക്ക് കൃത്രിമക്കാലുകള്‍ നല്‍കുവാന്‍ ജോണ്‍സണ് സാധിച്ചത്.
പുതുപ്പള്ളി എം.എല്‍.എ. ചാണ്ടി ഉമ്മന്‍, റാന്നി മുന്‍ എം.എല്‍.എ. രാജു എബ്രഹാം, മുന്‍ മജീഷ്യനും ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ സ്ഥാപകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട്, കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമേല്‍, ഫാദര്‍ ബോബി ജോസ് കുറ്റിക്കാട്ട്, പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് വി.ജി. വിനോദ്കുമാര്‍ , യു.ഡി.എഫ്. പത്തനംതിട്ട ജില്ലാ ചെയര്‍മാന്‍ അഡ്വ. വര്‍ഗ്ഗീസ് മാമ്മന്‍, അഡ്വ. എം. വി. ജയഡാലി, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളി, ന്യൂയോര്‍ക്ക് ചാരിറ്റി സംഘടന ‘എക്കോ’ (ECHO)യുടെ പ്രതിനിധി വര്‍ഗ്ഗീസ് എബ്രഹാം (രാജു) തുടങ്ങി സമൂഹത്തിലെ വിവിധ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായി ആശംസകള്‍ അര്‍പ്പിച്ചു.
‘കഴിഞ്ഞ പത്തു വര്‍ഷത്തോളം പലര്‍ക്കും പുതുജീവന്‍ നല്‍കിക്കൊണ്ട് തുടര്‍ന്ന് പോകുന്ന ലൈഫ് ആന്‍ഡ് ലിംബ്സിലെ എല്ലാ അംഗങ്ങള്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എല്ലാവരുടെയും ദൈവ പ്രതിരൂപമായ ജോണ്‍സണ്‍ സാമുവേല്‍ സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അതുപോലെ ജോളി മാഡത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു’ കൃത്രിമക്കാല്‍ ലഭിച്ച ഒരു വ്യക്തി തന്റെ മനസ്സിലെ വികാരം പ്രകടിപ്പിച്ചു.
‘അപകടത്തില്‍ കാല് നഷ്ടപ്പെട്ട് ജീവിതം മുന്‍പോട്ടു കൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ അറുപത്താമത്തെ വയസ്സില്‍ ജീവിതത്തില്‍ നടന്നു കയറുവാന്‍ സ്വപ്‌നക്കാലുകള്‍ നല്‍കിയ ജോണ്‍സണ്‍ സാമുവേല്‍ സാറിനും, ജോളി മാഡത്തിനും ലൈഫ് ആന്‍ഡ് ലിംബ് പ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നൂറു നൂറു പുഷ്പങ്ങള്‍ സമര്‍പ്പിക്കുന്നു- തിരുവനന്തപുരത്തുനിന്നും രാധാകൃഷ്ണപിള്ള തന്റെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം പങ്കുവെച്ചു.
അപകടത്തില്‍ കാല് നഷ്ട്ടപ്പെട്ട അടിമാലിക്കാരനായ അഭിലാഷും കൃത്രിമക്കാലുകള്‍ ലഭിച്ചതിന് ശേഷം ലൈഫ് ആന്‍ഡ് ലിംബ് സ്ഥാപകന്‍ ജോണ്‍സണ്‍ സാമുവേലിനും സഹധര്‍മ്മിണി ജോളിക്കും സഹോദരസ്ഥാപനമായ ഇന്‍ഡോ ലൈറ്റിലെ ടെക്‌നീഷന്‍മാര്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും അവരുടെ സ്‌നേഹസമൃദ്ധമായ പരിചരണങ്ങള്‍ക്കും നന്ദി പറഞ്ഞു മെസ്സേജുകള്‍ അയക്കുന്നു. അതുപോലെ കൃത്രിമക്കാലുകള്‍ ലഭിച്ച് വീണ്ടും ജീവിതത്തില്‍ പിച്ചവച്ച് നടക്കുവാന്‍ സാധിച്ച ധാരാളം പേര്‍ അവരുടെ അനുഭവ സാക്ഷ്യവും ഹൃദയഭാഷയില്‍ നന്ദിയും കാലുകള്‍ ലഭിച്ചതിന് ശേഷം പങ്കുവെച്ചു.
നിരവധി ദിവസങ്ങളില്‍ കൃത്രിമക്കാലുകള്‍ വച്ച് നടക്കുവാനുള്ള പരിശീലനം നല്കിയിട്ടാണ് മറ്റൊരു നൂറു പേരുടെ ജീവിത സാഫല്യത്തിന് പൂര്‍ത്തീകരണം ആയത്. അതിനായി സ്ഥാപിച്ച ക്ലിനിക്കല്‍ ലാബ് ആയ ഇന്‍ഡോ ലൈറ്റിലെ സ്റ്റാഫ് അംഗങ്ങളുടെ നിസ്വാര്‍ഥമായ സേവനമാണ് ഈ നൂറു പേരുടെ ജീവിത സ്വപ്‌നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കുവാന്‍ സാധ്യമാക്കിയത്. അറുപത് വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് ഇത്തരം പരിശീലനം നല്‍കി കൃത്രിമക്കാലുകളില്‍ നടക്കുവാന്‍ അവസരം ഒരുക്കിയത്. ഇനിയും ഇതുപോലെ നൂറു കണക്കിന് പേരുടെ ജീവിതത്തിലേക്ക് പ്രത്യാശാകിരണങ്ങള്‍ നല്‍കുവാന്‍ ജോണ്‍സണ്‍ സാമുവേലിനും കുടുംബത്തിനും അഭ്യുദയകാംക്ഷികള്‍ക്കും സാദ്ധ്യമാകട്ടെ എന്ന് ആശംസിക്കുന്നു.