ജീവന്റെ തുടിപ്പ് മണ്ണിനടിയില്‍, റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത്‌ രാത്രിയിലും പരിശോധന

മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശത്തുനിന്നും നിര്‍ണായക റഡാര്‍ സിഗ്നല്‍ ലഭിച്ചതോടെ രാത്രിയിലും പരിശോധന തുടരും. മുണ്ടക്കൈ അങ്ങാടിയില്‍ അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ അഥവാ ഹ്യൂമന്‍ റെസ്‌ക്യൂ റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഒരിടത്ത് സിഗ്‌നല്‍ ലഭിച്ചത്. എന്നാല്‍ ലഭിച്ച സിഗ്നല്‍ മനുഷ്യന്റേതാണോ ഏതെങ്കിലും മൃഗത്തിന്റേതാണോ എന്നത് വ്യക്തമല്ല. സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് ഇപ്പോള്‍ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന തുടരുകയാണ്.

ഒരു കടയിരുന്ന സ്ഥലത്താണ് സിഗ്‌നല്‍ കാണിച്ചത്. ഇതനുസരിച്ച് കട തകര്‍ന്ന ഭാഗത്ത് മണ്ണ് മൂടിയ സ്ഥലത്ത് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ മാറ്റിയാണ് പരിശോധന നടത്തുന്നത്. കടയുടെ താഴെ ഭൂമിക്കടിയില്‍ ഒരു മുറിയുണ്ടായിരുന്നെന്നും അത് സ്റ്റോര്‍ റൂം ആയിരുന്നു എന്നുമാണ് പ്രദേശവാസികളില്‍ നിന്നു ലഭിച്ച വിവരം.

കെട്ടിടാവശിഷ്ടങ്ങള്‍ക്കും മണ്‍കൂമ്പാരത്തിനുമടിയില്‍ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കില്‍ റഡാറില്‍ സിഗ്‌നല്‍ കാണിക്കും. സിഗ്‌നല്‍ പ്രകാരം ഈ അണ്ടര്‍ഗ്രൗണ്ട് മുറിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നു എന്ന നിഗമനത്തിലാണ് ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധിക്കുന്നത്.

More Stories from this section

family-dental
witywide