‘ബുൾഡോസറുകൾ ഓടുന്നത് രാജ്യത്തെ നിയമവ്യവസ്ഥയ്ക്കുമേൽ’; ബുൾഡോസർ രാജിനെതിരെ വീണ്ടും സുപ്രീം കോടതി

ന്യൂദൽഹി: ഈ മാസം രണ്ടാം തവണയും ‘ബുൾഡോസർ രാജ്’ എന്ന വിഷയത്തിൽ ശക്തമായ വിമർശനവുമായി സുപ്രീം കോടതി. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് വസ്തുവകകൾ പൊളിക്കുന്നതിന് കാരണമല്ലെന്നും അത്തരം നടപടികൾ രാജ്യത്തെ നിയമങ്ങൾക്ക് മേൽ ബുൾഡോസർ ഓടിക്കുന്നതിന് തുല്യമാണെന്നും സുപ്രീം കോടതി വിമർശിച്ചു.

ഗുജറാത്തിലെ ഖേഡ ജില്ലയിലെ ജാവേദ് അലി മെഹബൂബാമിയ സയീദ് നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാൻഷു ധുലിയ, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പ​രി​ഗണിച്ചത്.

വീട് സ്ഥിതി ചെയ്യുന്ന കത്‌ലാൽ ഗ്രാമത്തിൻ്റെ റവന്യൂ രേഖകൾ തൻ്റെ കക്ഷി ഭൂമിയുടെ സഹ ഉടമയാണെന്ന് കാണിക്കുന്നതായി സയീദിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ട് പതിറ്റാണ്ടായി ഇയാളുടെ കുടുംബത്തിലെ മൂന്ന് തലമുറകൾ താമസിച്ചിരുന്ന സ്ഥലത്ത് 2004 ഓഗസ്റ്റിൽ ഗ്രാമപഞ്ചായത്ത് പാസാക്കിയ പ്രമേയത്തിൽ വീട് നിർമിക്കാൻ അനുമതി നൽകി. വീടുകൾ പൊളിക്കുന്നതിന് മുമ്പ് പാലിക്കേണ്ട ഒരു കൂട്ടം മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിച്ച സുപ്രീം കോടതിയുടെ സെപ്റ്റംബർ 2 ലെ ഉത്തരവും അഭിഭാഷകൻ ഉദ്ധരിച്ചു.

തനിക്കെതിരേ കേസെടുത്തതിന് പിന്നാലെ, മുൻസിപ്പാലിറ്റി ജീവനക്കാർ തന്റെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. പരമോന്നതമായ നിയമസംവിധാനമുള്ള രാജ്യത്ത് ഇത്തരം പൊളിക്കൽ പ്രവൃത്തികൾ കണ്ടില്ലെന്ന് നടിക്കാവില്ലെന്ന് പറഞ്ഞ കോടതി, ഇത്തരം നടപടികൾ രാജ്യത്തെ നിയമത്തിനു മുകളിലൂടെയുള്ള ബുൾഡോസർ ഓടിക്കലായി കണക്കാക്കപ്പെടുമെന്നും വിമർശിച്ചു.

കേസിൽ ഗുജറാത്ത് സർക്കാരിന് നോട്ടീസയച്ച കോടതി, നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സയീദിന്റെ വീട് പൊളിക്കരുതെന്നും നിർദേശിച്ചു.