ഫ്ലോറിഡ: 11 മിനിറ്റിനിടെ ഹാട്രിക് ഗോളുമായി മെസി തിളങ്ങിയ മത്സരത്തിൽ ഇന്റർ മയാമിക്ക് തകർപ്പൻ ജയം. ന്യൂ ഇംഗ്ലണ്ട് റവല്യൂഷനെ 6-2നാണ് മയാമി തകർത്തത്. ഇതോടെ മേജർ ലീഗ് സോക്കറിൽ ഏറ്റവുമധികം പോയിന്റ് നേടുന്ന ടീം എന്ന നേട്ടവും മയാമി സ്വന്തമാക്കി. 74 പോയിന്റുമായാണ് ഇന്റർ മയാമി മേജർ ലീഗ് സോക്കർ സീസൺ ഫിനിഷ് ചെയ്തത്.
രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു മയാമിയുടെ തകർപ്പൻ പ്രകടനം. പകരക്കാരനായി ഇറങ്ങി മൂന്ന് ഗോളുകൾ നേടിയ മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ലൂയിസ് സുവാരസ് രണ്ട് ഗോൾ നേടി. ബെഞ്ചമിൻ ക്രമാഷിയാണ് മറ്റൊരു ഗോൾ നേടിയത്. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ മത്സരത്തിലും ബോളീവിയക്കെതിരെ മെസ്സി ഹാട്രിക് നേടിയിരുന്നു.
അതിനിടെ നോൺ പെനാൽറ്റി ഗോളുകളുടെ കാര്യത്തിൽ റൊണാൾഡോയുടെ അപൂർവ റെക്കോഡും മെസി തകർത്തു. 739 നോൺ പെനാൽറ്റി ഗോളുകളാണ് ക്രിസ്റ്റ്യാനോയ്ക്ക് ഉള്ളത്. എന്നാൽ 11 മിനിറ്റിലെ ഹാട്രിക്കിലൂടെ നോൺ പെനാൽറ്റി ഗോളുകളുടെ കാര്യത്തിലെ ഗോട്ട് (GOAT) ആയിരിക്കുകയാണ് ലയണൽ മെസി. 740 നോൺ പെനാൽറ്റി ഗോളുകളാണ് ഇപ്പോൾ മെസിയുടെ സമ്പാദ്യം.