മയാമി: അമേരിക്കൻ ഫുട്ബോൾ ആരാധകർക്ക് കടുത്ത നിരാശയേകുന്ന വാർത്തയാണ് ലോകകപ്പ് ജേതാവും ഇതിഹാസ താരവുമായി അര്‍ജന്റീന നായകൻ ലിയോണല്‍ മെസിിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. ഈ സീസണോടെ അമേരിക്കൻ ക്ലബ്ലായ ഇന്റർ മയാമി വിടുമെന്നാണ് താരവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ വാർത്ത. 2025 വരെയാണ് ഇന്റർ മയാമിയുമായി മെസിക്ക് കരാറുള്ളത്. മെസി മയാമി വിടുന്നതോടെ താരം ഇനി എങ്ങോട്ടാണെന്നാണ് ആരാധകരുടെ ആകാംഷ. അതിനും ഏറെക്കുറെ ഉത്തരമായിട്ടുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഫ്രഞ്ച് ക്ലബായ പി എസ് ജിയിൽ നിന്നാണ് മെസി ഇന്റർ മയാമിയിലെത്തിയത്. ബാഴ്സലോണയുമായുള്ള 21 വര്‍ഷത്തെ ബന്ധമുപേക്ഷിച്ച് 2021 ലാണ് മെസി പിഎസ്ജിയിലെത്തിയത്. മെസി ബാഴ്സയിലേക്കും പി എസ് ജിയിലേക്കുമല്ല മടങ്ങുന്നത് എന്നതാണ് പുറത്തുവരുന്ന വിവരം. ബാല്യകാല ക്ലബായ ന്യുവെൽസ് ഓൾഡ് ബോയ്സിലേക്കായിരിക്കും ഇതിഹാസ താരം മടങ്ങുകയെന്നാണ് സൂചന. മെസി അർജന്റൈൻ ക്ലബിലേക്ക് തിരിച്ചെത്തുമെന്ന് നേരത്തേയും വാർത്തകളുണ്ടായിരുന്നു. ന്യുവെൽസ് ഓൾഡ് ബോയ്സ് ജേഴ്സിയിൽ വിരമിക്കാനാണ് മെസിക്ക് താത്പര്യമെന്നാണ് മെസിയോടടുത്ത വൃത്തങ്ങൾ പറയുന്നത്.
മെസിയുമായുള്ള കരാർ ബാഴ്സ റദ്ദാക്കിയപ്പോൾ മെസി തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് ന്യുവെൽസ് ആരാധകർ പ്രതിഷേധിച്ചിരുന്നു. ന്യുവെൽസിലേക്ക് മടങ്ങാൻ മെസി നേരത്തെയും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2016ലെ അഭിമുഖത്തിൽ ന്യൂവെൽസിനായി ജേഴ്സി അണിയുമെന്ന് താരം വ്യക്തമാക്കിയിരുന്നു. 1995 മുതൽ 2000 വരെ ന്യൂവെൽസിലിന് വേണ്ടിയാണ് മെസി കളിച്ചിരുന്നത്. മയാമിയുമായുള്ള കരാർ അവസാനിക്കുന്നതോടെ പ്രിയപ്പെട്ട ക്ലബ്ബിലേക്ക് മെസി മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്.
അതേസമയം മയാമിയുടെ അടുത്ത മത്സരം സെപ്റ്റംബർ 29 നാണ്. ഇതിനായുള്ള തായാറെടുപ്പിലാണ് മെസി ഇപ്പോൾ. 30 മത്സരത്തിൽ നിന്ന് 19 ജയവും ഏഴ് സമനിലയും നാല് തോൽവിയുമായി ഇന്റർ മയാമി 64 പൊയിന്റോടെ ഒന്നാം സ്ഥാനത്താണ്. മെസിയുടെ കീഴിൽ മയാമി വൻ മുന്നേറ്റമായിരുന്നു നടത്തിക്കൊണ്ടിരുന്നത്. മയാമിക്ക് നേടാൻ കഴിയാതിരുന്ന ലീഗ് കപ്പ് മെസിക്ക് കീഴിൽ ടീം സ്വന്തമാക്കിയിരുന്നു. മയാമിക്ക് ആദ്യ ലീഗ് കപ്പ് നേടി കൊടുത്ത താരം പടിയിറങ്ങുന്നതോടെ ടീമിൽ ആത്മവിശ്വാസം നഷ്ടപ്പെടുമോ എന്നതാണ് മറ്റൊരു ചോദ്യം.