ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ. കവിത എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി ബുധനാഴ്ച നീട്ടി.
നേരത്തെ അനുവദിച്ച ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് തിഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്.
റൂസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി ബവേജ, സിബിഐ കേസിലെ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി ഓഗസ്റ്റ് 9 വരെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓഗസ്റ്റ് 13 വരെയുമാണ് നീട്ടിയത്.
സിബിഐയുടെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കെജ്‌രിവാൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി. കഴിഞ്ഞ ദിവസം, എഎപി മേധാവിക്കും മറ്റ് പ്രതികൾക്കുമെതിരെ സിബിഐ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എഎപിയെയും അതിൻ്റെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനെയും പ്രതികളാക്കി ഇഡി ഇതിനകം പ്രോസിക്യൂഷൻ പരാതി നൽകിയിരുന്നു.