ഹർജിയുമായി 5 വയസുകാരൻ; സ്കൂളിന് സമീപമുള്ള മദ്യശാല നിയമക്കുരുക്കിൽ

കാൺപൂർ: കാൺപൂരിലെ തൻ്റെ സ്‌കൂളിന് സമീപമുള്ള മദ്യശാലയ്‌ക്കെതിരെ ഹർജിയുമായി അഞ്ച് വയസ്സുള്ള വിദ്യാർത്ഥി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. തൻ്റെ പിതാവ് മുഖേന സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ അല്ലെങ്കിൽ ഈ മദ്യശാല തൻ്റെ സഹ വിദ്യാർത്ഥികളുടെയും സമീപത്തുള്ള താമസക്കാരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു.

സ്‌കൂൾ സ്ഥാപിതമായതിന് ശേഷം മദ്യശാലയുടെ ലൈസൻസ് പുതുക്കി നൽകിയത് നിയമവിരുദ്ധമാണെന്ന് കുട്ടിയുടെ അഭിഭാഷകൻ വാദിച്ചു.

ആസാദ് നഗറിലെ സേട്ട് എംആർ ജയപുരിയ സ്‌കൂളിലെ കിൻ്റർഗാർട്ടൻ വിദ്യാർത്ഥിയാണ് ഹർജിക്കാരനായ അഥർവ്. അഭിഭാഷകനായ പിതാവ് പ്രസൂൺ ദീക്ഷിത് മുഖേന സമർപ്പിച്ച ഹർജിയിൽ അഥർവ് എക്‌സൈസ് വകുപ്പ് ചീഫ് സെക്രട്ടറി, ലഖ്‌നൗ എക്‌സൈസ് കമ്മീഷണർ, ഡിഎം (ലൈസൻസിംഗ് അതോറിറ്റി) കാൺപൂർ നഗർ, എക്‌സൈസ് ഓഫീസർ കാൺപൂർ, മദ്യശാല നടത്തിപ്പുകാരൻ ജ്ഞാനേന്ദ്ര കുമാർ എന്നിവരെയാണ് എതിർകക്ഷികളാക്കിയിരിക്കുന്നത്.

സാമൂഹിക വിരുദ്ധരുടെ ഒത്തുകൂടൽ കേന്ദ്രമെന്ന നിലയിൽ ഈ മദ്യശാല കുപ്രസിദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. “മദ്യപന്മാർ തങ്ങളുടെ സ്‌കൂളിന് ചുറ്റും കറങ്ങുന്നതും മോശം ഭാഷയിൽ സംസാരിക്കുന്നതും എല്ലാവരും കാണുന്നു,” ഹർജിയിൽ പറയുന്നു.

സ്ഥിതി അസഹനീയമായപ്പോൾ പരാതിക്കാരനായ വിദ്യാർഥി പിതാവിനോട് കാര്യം പറഞ്ഞത്.

വിഷയത്തിൽ ഹൈക്കോടതി ഇന്നലെ എക്‌സൈസ് വകുപ്പിൻ്റെ പ്രതികരണം തേടിയിരുന്നു. സമീപത്ത് സ്‌കൂൾ പ്രവർത്തിക്കുമ്പോൾ എങ്ങനെയാണ് ലൈസൻസ് പുതുക്കി നൽകിയതെന്ന് കോടതി ആരാഞ്ഞു.

കിൻ്റർഗാർട്ടൻ മുതൽ ഒമ്പതാം ക്ലാസ് വരെ ക്ലാസുകൾ നടത്തുന്ന ഈ സ്കൂളിൽ ഏകദേശം 475 കുട്ടികളുണ്ട്.

ആരാധനാലയം, സ്‌കൂൾ, ആശുപത്രി, ഫാക്ടറി, ബസാർ, റെസിഡൻഷ്യൽ കോളനി എന്നിവയുടെ പ്രവേശന കവാടത്തിന് 100 മീറ്റർ ചുറ്റളവിൽ മദ്യശാലകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് കോടതിയുടെ ലഖ്‌നൗ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് മാർച്ച് 13ാം തിയതിയിലേക്ക് മാറ്റിവച്ചു.

More Stories from this section

family-dental
witywide