സംസ്ഥാനത്തെ ഐടി പാർക്കുകളിലും മദ്യശാല; ഈ വർഷം തന്നെ നടപ്പാക്കാൻ നിയമസഭാ സമിതി അംഗീകാരം നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ മദ്യ വിൽപ്പനശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങൾക്ക് നിയമസഭാ സമിതി അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ജൂൺ നാലിന് ശേഷമായിരിക്കും ഇതിന്റ തുടർ നടപടിയുണ്ടാകുക. പ്രതിപക്ഷ എം എൽ എമാരുടെ ശക്തമായ എതിർപ്പ് മറികടന്നാണ് സർക്കാറിന്റെ നീക്കം. ഐ ടി പാർക്കുകളിൽ മദ്യവില്പനയ്ക്ക് അനുമതി നൽകാൻ ഒന്നാം പിണറായി സർക്കാരാണ് തീരുമാനമെടുത്തത്. പിന്നീട് ലൈസൻസ് പരിധിയിൽ വ്യവസായ പാർക്കുകളെ കൂടി ഉൾപ്പെടുത്തി. ക്ലബ്ബുകൾക്കുള്ള ലൈസൻസാവും ഇവിടെയും നൽകുക. ഫീസ് 20 ലക്ഷം ആയിരിക്കുമെന്നാണ് വിവരം. പ്രവർത്തന സമയം രാവിലെ 11 മണി മുതൽ രാത്രി 11 വരെയായിരിക്കും.

ഐ ടി പാർക്ക് നേരിട്ടോ പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് അവകാശം നൽകും. ഭാവിയിൽ പാർക്കുകളിൽ വെവ്വേറെ ലെെസൻസ് നൽകേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ മറികടന്നാണ് നിയമസഭാ സമിതി അംഗീകാരം നൽകിയത്.ബിയറും വൈനും വിദേശമദ്യവും വിളമ്പാം. വിദേശമദ്യ ചില്ലറവില്പന ശാലകൾക്കും ബാറുകൾക്കും നിശ്ചയിച്ചിട്ടുള്ള ദൂരപരിധി ഇവയ്ക്ക് ബാധകമല്ല. ഒരു പാർക്കിന് ഒരു മദ്യവില്പന കേന്ദ്രം എന്ന നിലയ്ക്കാണ് നേരത്തെ ആലോചനകൾ നടന്നതെങ്കിലും ആവശ്യപ്പെടുന്ന വ്യവസായ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കുന്ന തരത്തിലാവും വിജ്ഞാപനം വരിക. ഇങ്ങനെ സ്ഥാപനങ്ങൾക്ക് നേരിട്ട് ലൈസൻസ് കൊടുത്താൽ നിയന്ത്രണമില്ലാതാവും എന്നതിലാണ് പ്രതിപക്ഷത്തിന്റെ വിയോജിപ്പ്. ഐ ടി പ്രൊഫഷണലുകളിൽ മദ്യ ഉപഭോഗം കൂടുമെന്നും ഇത് സാംസ്കാരിക നാശത്തിന് വഴി വയ്ക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

More Stories from this section

family-dental
witywide