
ഷെയ്ന്‍ നിഗം, മഹിമാ നമ്പ്യാര്‍, എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ആന്റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവരുടെ സംവിധാനത്തില്‍ തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ലിറ്റല്‍ ഹാര്‍ട്‌സ്. ചിത്രം ജൂണ്‍ ഏഴിനാണ് തീയേറ്ററുകളില്‍ എത്തിയത്. ഇതിന് തലേ ദിവസമാണ് ജിസിസി രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന വാര്‍ത്ത വന്നത്. ആ വര്‍ത്തയിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുമ്പോള്‍ത്തന്നെ ചിത്രത്തിലെ ഒരു വലിയ സസ്‌പെന്‍സ് നിര്‍മ്മാതാവായ സാന്ദ്രാ തോമസ് വെളിപ്പെടുത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയ കഥ സന്ദര്‍ഭം പൂര്‍ണ്ണമായും ആനിമേഷനിലാണ് ചെയ്തിരിക്കുന്നതെന്നും ഈ ആനിമേഷന്‍ അത്ര സാധാരണമെല്ലെന്നുമാണ് സാന്ദ്ര പറയുന്നത്. അത്ര പ്രത്യേകതയായി ഇതിലെന്താണ് ഉള്ളതെന്ന് ചോദിച്ചാല്‍, ഈ രംഗങ്ങള്‍ എഐ വഴിയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നതാണ്.
ഡിസ്‌നിയുടെ ആനിമേഷനുമായി പലരും താരതമ്യം ചെയ്യുന്ന ചിത്രത്തിലെ ഗ്രാഫിക്‌സ് ചെയ്തിരിക്കുന്നത് എഡിറ്ററായ ലിബിന്‍ ബാഹുലേയനാണ്.
മലയാളത്തില്‍ ആദ്യമായാണ് ഒരു എഐ ജനറേറ്റഡ് ഗ്രാഫിക്‌സ് രംഗങ്ങള്‍ ഒരു ചിത്രത്തില്‍ ഉപയോഗിക്കുന്നതെന്നും സാന്ദ്ര വെളിപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് സാന്ദ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയായിട്ടുണ്ട്.
മൂന്ന് വ്യത്യസ്ത പ്രണയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന സിനിമ സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയാണ് മുന്നേറുന്നത്. ഷെയ്ന്‍- മഹിമ കോമ്പിനേഷനും ബാബുരാജിന്റെ അഭിനയ മികവും ഷൈന്‍ ടോം ചാക്കോയുടെ വേറിട്ടൊരു കഥാപാത്രവും ഒക്കെ ചര്‍ച്ചയായിക്കഴിഞ്ഞു.