ഡെമോക്രാറ്റിക് ദേശീയ കൺവെൻഷൻ മൂന്നാം ദിനം: വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ടിം വാൾസ് സംസാരിക്കും; വിഷയം ‘സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം’

2024 ലെ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷൻ ഇന്ന് മൂന്നാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോൾ, മിനസോട്ട ഗവർണറും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ടിം വാൾസ് മുഖ്യ പ്രഭാഷണം നടത്തും. കൺവെൻഷൻ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ വാൾസിൻ്റെ പ്രസംഗത്തിനായുള്ള കാത്തിരിപ്പിലാണ് പാർട്ടി പ്രവർത്തകർ.

വാൾസിനെ കൂടാതെ, മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ, മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി, ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് തുടങ്ങിയ പ്രമുഖരും സംസാരിക്കും. ബുധനാഴ്ചത്തെ തീം “നമ്മുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം” എന്നതാണ്. അമേരിക്കൻ സ്വാതന്ത്ര്യങ്ങളുടെ സംരക്ഷകയെന്ന നിലയിൽ കമല ഹാരിസിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രാജ്യത്തിന് സാരമായ ഭീഷണി ഉയർത്തുന്നുവെന്ന് വാദിക്കുകയും ചെയ്തുകൊണ്ടായിരിക്കും ഇന്നത്തെ ദിവസം നേതാക്കൾ സംസാരിക്കുക.

ചൊവ്വാഴ്ച, മുൻ പ്രസിഡൻ്റ് ബരാക് ഒബാമയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയും ശക്തമായ പ്രസംഗങ്ങളിലൂടെ സദസ്സിനെ ആകർഷിച്ചു. തൻ്റെ പ്രസ്താവനയിൽ ട്രംപിനെ വിമർശിച്ച ഒബാമ, അമേരിക്കയ്ക്ക് ഇനിയും നാല് വർഷത്തെ അരാജകത്വം താങ്ങാനാവില്ലെന്ന് പ്രസ്താവിച്ചു.

മുൻകാലങ്ങളിൽ തന്നെയും ഭർത്താവ് ബരാക്ക് ഒബാമയെയും ലക്ഷ്യമിട്ടുള്ള ട്രംപിന്റെ സ്വഭാവത്തെയും വംശീയ ആക്രമണങ്ങളും എണ്ണിയെണ്ണി പറഞ്ഞായിരുന്നു മിഷേൽ ഒബാമയുടെ വിമർശനം. ട്രംപിന്റെ ‘ബ്ലാക്ക് ജോബ്’ (കറുത്ത ജോലികൾ) എന്ന പ്രചാരണതെയാണ് മിഷെൽ രൂക്ഷമായി പരിഹസിച്ചത്. ട്രംപ് ഇപ്പോൾ ലക്ഷ്യം വയ്ക്കുന്ന അമേരിക്കൻ പ്രസിഡന്റ് പദവിയാകും അദ്ദേഹത്തിന് ‘ബ്ലാക്ക് ജോബ്’. ഇക്കാര്യം അദ്ദേഹത്തോട് ആരാണ് ഒന്ന് പറഞ്ഞ് മനസിലാക്കുകയെന്നും മിഷേൽ ചോദിച്ചു. കുടിയേറ്റക്കാർ ‘ബ്ലാക്ക് ജോബ്’ ചെയ്യുന്നവരാണെന്ന് നേരത്തേ ട്രംപ് വിമർശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മിഷേലിന്റെ വിമർശനം.