
തിരുവനന്തപുരം: ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് കെഎസ്ഇബി. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവരുന്നതും വേനല്‍ മഴ കുറയുമെന്ന പ്രവചനവുമാണ് ബോര്‍ഡിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വേനല്‍ക്കാലത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമോയെന്ന ആശങ്കയും നിലവിലുണ്ട്.
സാധാരണ ഗതിയില്‍ വേനല്‍ മഴയിലൂടെ മാത്രം 250 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ഇത്തവണ മഴ വൈകുമെന്നാണ് പ്രവചനം. ഡാമുകളില്‍ ഇപ്പോള്‍ തന്നെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 10% വെള്ളം കുറവുമാണ്. ഇതെല്ലാം ജലവൈദ്യുത പദ്ധതികളെ ഏറെ ആശ്രയിക്കുന്ന കെഎസ്ഇബിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു.
മതിയായ വൈദ്യുതി ന്യായമായ നിരക്കില്‍ ലഭിക്കുന്ന ഒരു സാഹചര്യവുമില്ലാത്തതിനാല്‍ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുകയാണ് പോംവഴി. ഏപ്രില്‍, മെയ് മാസങ്ങളില്‍ യൂണിറ്റിന് 8 രൂപ 69 പൈസ എന്ന ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ അനുമതി തേടിയിട്ടുണ്ട്. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങി ലോഡ് ഷെഡിങ് ഒഴിവാക്കിയാല്‍ തന്നെ വൈദ്യുതി ചാര്‍ജ് വീണ്ടും കൂട്ടേണ്ടി വരുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കുന്നു.