‘നുഴഞ്ഞുകയറ്റക്കാരിലേക്ക് നുഴഞ്ഞ് കയറി’; ലോക്ക്ബിറ്റിന് പണികൊടുത്ത് യു.കെയുടെ നാഷണല്‍ ക്രൈം ഏജന്‍സി

ലോകത്തിലെ ഏറ്റവും വലിയ ഹാക്കിംഗ് സംഘങ്ങളിലൊന്നായ ലോക്ക്ബിറ്റിന്റെ അപകടകരമായ പ്രവര്‍ത്തനം തടസപ്പെടുത്തി യു.കെയുടെ നാഷണല്‍ ക്രൈം ഏജന്‍സി (എന്‍.സി.എ).

റഷ്യന്‍ ബന്ധങ്ങളുള്ള ഒരു ക്രിമിനല്‍ സംഘമാണ് ലോക്ക്ബിറ്റ്. തങ്ങളുടെ ഇരകളുടെ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ റാന്‍സംവെയര്‍ എന്നറിയപ്പെടുന്ന ക്ഷുദ്ര സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട് ഇവര്‍. ഫയലുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിന് ഇരകളില്‍ നിന്ന് പണം ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി.

ലോക്ക്ബിറ്റിന്റെ നെറ്റ്വര്‍ക്കിലേക്ക് നുഴഞ്ഞുകയറിയ ശേഷം, എന്‍സിഎ അവരുടെ മുഴുവന്‍ സേവനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ഡേറ്റാ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

ലോക്ക്ബിറ്റ് നാല് വര്‍ഷത്തോളമായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്ക്ബിറ്റിന്റെ ഇരകളില്‍ ജപ്പാനിലെ ഏറ്റവും വലിയ തുറമുഖം, കാലിഫോര്‍ണിയയിലെ ധനകാര്യ വകുപ്പ്, കനേഡിയയിലെ കുട്ടികളുടെ ആശുപത്രി, ബോയിംഗ് എയര്‍ലൈന്‍സ് തുടങ്ങിയവയും ഉള്‍പ്പെടുന്നു.

ലോക്ബിറ്റിന്റെ ആക്രമണങ്ങള്‍ യുകെയില്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇരകളെ ലക്ഷ്യം വച്ചിരുന്നു. മോഷ്ടിച്ച ഫയലുകള്‍ തിരികെ നല്‍കണമെങ്കില്‍ കോടിക്കണക്കിന് പൗണ്ട്, ഡോളറുകള്‍, യൂറോകള്‍ എന്നിവയും ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയും ലോക്ബിറ്റിന്റെ ആവശ്യത്തില്‍പ്പെടും.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ലോക്ക്ബിറ്റിന്റെ വെബ്സൈറ്റില്‍ ‘ഇപ്പോള്‍ നിയമപാലകരുടെ നിയന്ത്രണത്തിലാണ് എന്ന ഒരു സന്ദേശവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൈബര്‍-ക്രിമിനല്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തടസ്സപ്പെടുത്തലായി യു.കെയുടെ ഈ ഓപ്പറേഷന്‍ കണക്കാക്കപ്പെടുന്നു. എഫ്ബിഐ, യൂറോപോള്‍, മറ്റ് രാജ്യങ്ങള്‍ എന്നിവയും ദീര്‍ഘകാല പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും യുകെ നേതൃത്വം നല്‍കുന്ന ഇത്തരത്തിലുള്ള ഔദ്യോഗിക നുഴഞ്ഞുകയറ്റവും വെബ്‌സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കലും ആദ്യത്തേതാണ്.

സാങ്കേതിക നുഴഞ്ഞുകയറ്റവും തടസ്സപ്പെടുത്തലും ലോക്ക്ബിറ്റിനും അവരുടെ പിന്തുണക്കാര്‍ക്കുമെതിരായ പ്രവര്‍ത്തനങ്ങളുടെ ഒരു പരമ്പരയുടെ തുടക്കം മാത്രമാണെന്ന് എന്‍.സി.എ വ്യക്തമാക്കി. ലോക്ക്ബിറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഗ്രൂപ്പുമായി ബന്ധിപ്പിച്ച 200 ലധികം ക്രിപ്റ്റോകറന്‍സി അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുമുണ്ട്.

ലോക്ക്ബിറ്റ് പ്ലാറ്റ്ഫോമിന്റെ സോഴ്സ് കോഡും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവരോടൊപ്പം പ്രവര്‍ത്തിച്ചവരെക്കുറിച്ചും ലോകമെമ്പാടുമുള്ള ഓര്‍ഗനൈസേഷനുകളെ ദോഷകരമായി ബാധിക്കാന്‍ അവരുടെ സേവനങ്ങള്‍ ഉപയോഗിച്ചവരെക്കുറിച്ചും ധാരാളം വിവരങ്ങളും ഇന്റലിജന്‍സ് ഏജന്‍സി നേടിയിട്ടുണ്ട്.

എഫ്ബിഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എന്‍സിഎ, മറ്റ് ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പങ്കാളികളുടെ പിന്തുണയോടെ, ഓപ്പറേഷന്‍ ക്രോണോസ് എന്ന സമര്‍പ്പിത ടാസ്‌ക്‌ഫോഴ്സിന്റെ ഭാഗമായി ലോക്ക്ബിറ്റ് പ്രവര്‍ത്തനങ്ങളും മറ്റും രഹസ്യമായി അന്വേഷിക്കുന്നു.

ആക്രമണങ്ങള്‍ നടത്താന്‍ ഉപയോഗിച്ചതിന് ഉത്തരവാദികളായ രണ്ട് പ്രതികള്‍ കസ്റ്റഡിയിലാണെന്നും ഇവര്‍ക്കെതിരെ കിമിനല്‍ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടെന്നും യുഎസില്‍ വിചാരണ നേരിടുമെന്നും യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ലോക്ക്ബിറ്റ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയതിന് റഷ്യന്‍ പൗരന്മാരായ രണ്ട് വ്യക്തികള്‍ക്കെതിരെയും യുഎസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

പ്രത്യേക ഓപ്പറേഷന്റെ ഭാഗമായി ലോക്ക്ബിറ്റ് ഇരകളെ സഹായിക്കാന്‍ എന്‍സിഎയും അന്തര്‍ദേശീയ പങ്കാളികള്‍ക്കും കഴിയുന്നു. ഏജന്‍സി 1,000 ലധികം ഡീക്രിപ്ഷന്‍ കീകള്‍ നേടിയിട്ടുണ്ട്. പിന്തുണ വാഗ്ദാനം ചെയ്യുന്നതിനും എന്‍ക്രിപ്റ്റ് ചെയ്ത ഡാറ്റ വീണ്ടെടുക്കാന്‍ സഹായിക്കുന്നതിനും വേണ്ടി വരും ദിവസങ്ങളിലും ആഴ്ചകളിലും യുകെ ആസ്ഥാനമായുള്ള ഇരകളെ ബന്ധപ്പെടുമെന്നും അറിയിപ്പുണ്ട്.